NEWS

കർണ്ണാടകം കണ്ണീരണിഞ്ഞു, അച്ഛന്റെയും അമ്മയുടേയും സ്മൃതികുടീരത്തിനരികെ പുനീതിനും അന്ത്യവിശ്രമം

പ്രിയപ്പെട്ട ‘അപ്പു’വിന്റെ അകാലവിയോഗം സഹിക്കാനാവാത്ത ദുഖം ചൊരിയുമ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചാണ് ആയിരക്കണക്കിന് ആരാധകർ മൃതദേഹം പൊതുദർശനത്തിനുവെച്ച കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്

ബം​ഗളൂരു: പുനീതിന്റെ മൃതദേഹം പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിച്ചു. അച്ഛൻ ഡോ. രാജ്കുമാറിനും അമ്മ പാർവതാമ്മക്കും ഒപ്പം കണ്ഠീരവ സ്റ്റുഡിയോയിലാണ് പുനീത് രാജ്കുമാറും അന്ത്യവിശ്രമം കൊള്ളുക.

പുലർച്ചെ നാലു മണിക്കാണ് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചത്. തുടർന്ന് വിലാപയാത്രയായി 11 കിലോമീറ്റർ അകലെയുള്ള കണ്ഠീരവ സ്റ്റുഡിയോയിൽ മൃതദേഹം എത്തിച്ചു. സംസ്കാര ചടങ്ങുകൾ രാവിലെ ഏഴരയോടെ പൂർത്തിയായി.

പ്രിയപ്പെട്ട ‘അപ്പു’വിന്റെ അകാലവിയോഗം സഹിക്കാനാവാത്ത ദുഖം ചൊരിയുമ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചാണ് ആയിരക്കണക്കിന് ആരാധകർ മൃതദേഹം പൊതുദർശനത്തിനുവെച്ച കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ‘ചലിസുവ മൊദഗളു’ എന്ന സിനിമയിലെ കാഴ്ചയിൽനിന്ന് മറഞ്ഞു എന്നർഥമുള്ള ‘കാണദന്തെ മായവാദനു…’ എന്ന ഗാനമാണ് സ്റ്റേഡിയത്തിൽ ഉയർന്നുകേട്ടത്. വെള്ളിയാഴ്ച രാത്രിമുതൽ ആരാധകരുടെ നിലയ്ക്കാത്ത പ്രവാഹമാണ്.

അളവില്ലാത്ത സ്നേഹവും ആരാധനയുമാണ് ജനങ്ങൾ അദ്ദേഹത്തിന് നൽകുന്നത്. മനംനൊന്ത് ആരാധകൻ ആത്മഹത്യ ചെയ്തു; രണ്ടുപേര്‍ ഹൃദയാഘാതം മൂലം മരിച്ചു.

ബലഗാവി ജില്ലയിലെ അത്താണിയില്‍ രാഹുല്‍ ആത്മഹത്യ ചെയ്തത് പുനീതിന്റെ മരണത്തില്‍ മനംനൊന്താണ്. പുനീതിന്റെ ഫോട്ടോ പൂക്കള്‍ വെച്ച് അലങ്കരിച്ച ശേഷം സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു രാഹുല്‍. അതേസമയം ചാമരാജനഗര്‍ ജില്ലയിലെ മരുരു ഗ്രാമത്തില്‍ 30 വയസ്സുകാരനായ മുനിയപ്പയും ഷിന്‍ഡോളി ഗ്രാമത്തില്‍ കടുത്ത പുനീത് ആരാധകനായ പരശുറാമും നടന്റെ വിയോഗവാര്‍ത്ത അറിഞ്ഞ് ഹദയാഘാതം മൂലം മരിച്ചു.

അമേരിക്കയിലുള്ള മകൾ ധൃതി രാജ്കുമാർ ശനിയാഴ്ച വൈകിട്ട് ബെംഗളൂരുവിലെത്തി. കർണാടക ഗവർണർ തവർചന്ദ് ഗെഹ്ലോത്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, മന്ത്രിമാർ, ജൂനിയർ എൻ.ടി.ആർ., നന്ദമൂരി ബാലകൃഷ്ണ, പ്രഭുദേവ, ചിരഞ്ജീവി, കിച്ച സുദീപ്, പ്രശാന്ത് നീൽ, ശരൺ ഉൾപ്പെടെയുടെ സിനിമാരംഗത്തെ പ്രമുഖർ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു.

Back to top button
error: