NEWS

സർവകലാശാല പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച

മൂല്യനിർണയത്തിന് ഉത്തരക്കടലാസുകൾ നൽകുന്നത് ഫാൾസ് നമ്പർ അടിച്ചാണ്. പക്ഷേ ഇത്തവണ ഓരോ കോളജിൽ നിന്നും അയച്ച പരീക്ഷാ പേപ്പറുകൾ അതേപടി മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. ഫാൾസ് നമ്പർ കൊടുക്കാത്തതിനാൽ പരീക്ഷാ പേപ്പർ ഏത് കോളജിലേതാണെന്നും ഏത് വിദ്യാർഥിയുടെതാണെന്നും വേഗം തിരിച്ചറിയാനാവും

തൃശൂർ: നാട്ടിക എസ്.എൻ കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാലാ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം. മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്ത ഒരു വിഭാഗം അധ്യാപകരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫാൾസ് നമ്പർ കൊടുക്കാതെ ഉത്തരക്കടലാസുകൾ വിതരണം ചെയ്തതായും റദ്ദാക്കിയ പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിന് എത്തിച്ചതായും ആരോപണമുയർന്നിട്ടുണ്ട്.

Signature-ad

ഉത്തരക്കടലാസുകൾ യൂനിവേഴ്‌സിറ്റി മൂല്യനിർണയത്തിന് സാധാരണയായി എത്തിക്കുന്നത് ഫാൾസ് നമ്പർ അടിച്ചാണ്. ഓരോ കുട്ടികളുടേയും രജിസ്റ്റർ നമ്പർ മാറ്റിയാണ് അവിടെ ഫാൾസ് നമ്പർ കൊടുക്കുന്നത്. എന്നാൽ, ഇത്തവണ ഓരോ കോളജിൽ നിന്നും അയച്ച പരീക്ഷാ പേപ്പറുകൾ അതേപടി മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. ഫാൾസ് നമ്പർ കൊടുക്കാത്തതിനാൽ പരീക്ഷാ പേപ്പർ ഏത് കോളജിന്റേതാണെന്നും ഏത് വിദ്യാർഥിയുടെതാണെന്നും വേഗം മനസ്സിലാക്കാൻ സാധിക്കും.
ജനുവരി 25ന് നടന്ന ബി.കോം, ബി.ബി.എ വിദ്യാർഥികളുടെ മലയാളം പരീക്ഷയാണ് വിവാദക്കുരുക്കിലായിരിക്കുന്നത്. പരീക്ഷക്ക് ശേഷം ഉത്തരക്കടലാസുകൾ യൂനിവേഴ്‌സിറ്റിയിൽ എത്തിച്ചിരുന്നു. എന്നാൽ, സിലബസിന് പുറത്തു നിന്നുള്ള ചോദ്യങ്ങളായിരുന്നതിനാൽ പിന്നീട് ഈ പരീക്ഷ റദ്ദാക്കി.

തുടർന്ന് ജൂലൈ 13 ന് വീണ്ടും പരീക്ഷ നടത്തി. എന്നാൽ, മൂല്യനിർണയം നടത്തുന്ന ടേബിളിലേക്ക് റദ്ദാക്കിയ പരീക്ഷയുടെയും പുനഃപരീക്ഷയുടെയും ഉത്തരക്കടലാസുകൾ എത്തിയിരുന്നു. മൂല്യ നിർണയം ആരംഭിച്ച അധ്യാപകർ ഒരേ രജിസ്റ്റർ നമ്പറിൽ രണ്ട് ഉത്തരക്കടലാസുകൾ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് അബദ്ധം വ്യക്തമായത്.
പരീക്ഷ കഴിഞ്ഞ് ഒന്പത് മാസമായിട്ടും റദ്ദാക്കിയ ഉത്തരകടലാസുകൾ സർവകലാശാല മാറ്റിയിരുന്നില്ല. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ മൂല്യനിർണയം വേഗത്തിൽ നടത്തുന്നതിനാണ് ഫാൾസ് നമ്പർ ഇടാതെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിന് എത്തിച്ചതെന്നാണ് സർവകലാശാലാ അധികൃതരുടെ വിശദീകരണം.

Back to top button
error: