കേരളത്തിലെ എല്ലാ വിഭാഗം ആളുകളും ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നടക്കുകയില്ലെന്ന് കരുതിയ പല കാര്യങ്ങളും എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി എന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിനെ മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനം പ്രതിസന്ധി നേരിട്ടപ്പോൾ സർക്കാർ അവർക്കൊപ്പമുണ്ടായിരുന്നു. വലിയ ദുരന്തങ്ങൾ ഉണ്ടായപ്പോൾ ജനങ്ങളുടെ ഐക്യത്തിനും ഒരുമിക്കും വേണ്ടിയാണ് സർക്കാർ നിലകൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം നശീകരണ വാസനയുടെ പ്രചാരണം നടത്തി. സ്വന്തം കളങ്കങ്ങൾ സർക്കാരിൽ ആരോപിച്ച് അവർ മുന്നിട്ടിറങ്ങി എന്നാൽ ഈ പ്രതിസന്ധികൾ എല്ലാം മറികടന്ന് ജനങ്ങളിൽ ഐക്യബോധം ഉണ്ടാക്കി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സർക്കാരിനു കഴിഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു.
പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം നിറവേറ്റി. ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, കെ റെയിൽ പദ്ധതി എല്ലാ വിഭാഗം ജനങ്ങൾക്കും ഇന്റർനെറ്റ് സേവനം, കെ ഫോൺ പദ്ധതി, ക്ഷേമപെൻഷനുകൾ കൂട്ടി, ലൈഫ് പദ്ധതി രണ്ടര ലക്ഷം വീടുകൾ, ആർദ്രം മിഷൻ, ഉന്നതവിദ്യാഭ്യാസമേഖലയിൽ മികവുറ്റതാക്കാൻ ഒരു വിദ്യാഭ്യാസ ഹബ്ബ്, 1.57 ലക്ഷം പേർക്ക് പി എസ് സി വഴി നിയമനം തുടങ്ങിയവയൊക്കെ ഈ സർക്കാരിന് ചെയ്യാൻ സാധിച്ചു . എന്നാൽ ഈ വികസനത്തെ ഒക്കെ വർഗീയത ഇളക്കിവിട്ട് നേരിടാൻ ചിലർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല കേരളത്തിൽ സിഎഎ നടപ്പാക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.