LIFETRENDING

ജയ് സുല്‍ത്താന്‍: കാര്‍ത്തിയുടെ പുതിയ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കാര്‍ത്തിയെ നായകനാക്കി ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ എത്തി. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിവേകും മെര്‍വിനും സംഗീതം നല്‍കിയിരിക്കുന്ന ജയ് സുല്‍ത്താന്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനും ജൂനിയര്‍ നിത്യയും ഗണ ഗുണയും ചേര്‍ന്നാണ്.

കാര്‍ത്തിക്കൊപ്പം നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രശ്മിക മന്ദനയാണ് ചിത്രത്തിലെ നായിക. മലയാളികളായ ലാലും ഹരീഷ് പേരാടിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഏപ്രില്‍ 2 ന് തീയേറ്ററുകളിലെത്തും. ശിവകാര്‍ത്തികേയനെ നായകനാക്കി റെമോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഭാഗ്യരാജ് കണ്ണന്റെ രണ്ടാമത്തെ ചിത്രമാണ് സുല്‍ത്താന്‍. കൈതിയുടെ വലിയ വിജയത്തിന് ശേഷം ഡ്രീംസ് വാരിയേഴ്‌സ് പിക്‌ചേഴ്‌സുമായി ചേര്‍ന്ന് കാര്‍ത്തി സഹകരിക്കുന്ന പുതിയ ചിത്രമാണ് സുല്‍ത്താന്‍.

ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടൈനറാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മുന്‍ചിത്രങ്ങള്‍ പോലെ സുല്‍ത്താനും ബോക്‌സ് ഓഫീസില്‍ വലിയ വിജയമാവുമെന്നാണ് കാര്‍ത്തിയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Back to top button
error: