ഉത്തരാഖണ്ഡില്‍ വീണ്ടും മഞ്ഞുമല ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ചമോലിയില്‍ മിന്നല്‍പ്രളയത്തിലകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും മലയിടിഞ്ഞതായി റിപ്പോര്‍ട്ടു വന്നത്.
അതേസമയം, അളകനന്ദാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് തപോവനില്‍ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. എന്‍ടിപിസിയുടെ തപോവന്‍ വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ 35 പേരെങ്കിലും ഇപ്പോഴും അകപ്പെട്ടുകിടക്കുകയാണ്.
തുരങ്കത്തില്‍ വലിയ ദ്വാരമുണ്ടാക്കി കയറുപയോഗിച്ച് ഊര്‍ന്നിറങ്ങാനാണ് രക്ഷാസംഘത്തിന്റെ ശ്രമം. എന്നാല്‍ 3 ദിവസമായി ശ്രമിച്ചിട്ടും കവാടത്തില്‍നിന്ന് ആകെ 100 മീറ്ററോളം മുന്നേറാനേ കരസേനാംഗങ്ങള്‍ക്കു കഴിഞ്ഞിട്ടുള്ളൂ. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 172 പേരെയെങ്കിലും ഇനി കണ്ടെത്താനുണ്ടെന്നാണ് നിഗമനം.