Lead NewsNEWS

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സ്വയം തൊഴില്‍ വായ്പയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ലഭ്യമായ അപേക്ഷകളില്‍ നിന്നും വനിത വികസന കോര്‍പ്പറേഷന്റേയും സാമൂഹ്യനീതി ഡയറക്ടറേറ്റിന്റേയും ഉദ്യോഗസ്ഥര്‍ അടങ്ങിയ കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തി വായ്പ വിതരണത്തിനായി 19 പേരെ പ്രധാന ലിസ്റ്റിലും 3 പേരെ വെയ്റ്റിംഗ് ലിസ്റ്റിലുമായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ ലോണിന് അപേക്ഷിച്ച വളരെയേറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സജ്‌ന ഷാജിയെ പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വനിത വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിലവില്‍ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആയത് ഒഴിവാക്കിയാണ് വായ്പ അനുവദിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിക്കുന്ന വായ്പയുടെ പലിശ നിരക്ക് 3 ശതമാനവും 6 മാസത്തെ മൊറട്ടോറിയം കാലാവധിയോട് കൂടി 5 വര്‍ഷം തിരിച്ചടവ് കാലാവധിയായും നല്‍കുന്നതാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള സ്വയം തൊഴില്‍ വായ്പയ്ക്കായുള്ള അപേക്ഷകള്‍ പരിശോധിക്കുന്നതിനായി സാമൂഹ്യനീതി ഡയറക്ടര്‍, വനിത വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ കണ്‍വീനര്‍ ആയുമുള്ള ഒരു സ്‌കൂട്ടിനൈസിംഗ് കമ്മിറ്റി രൂപീകരിക്കുന്നതാണ്. ലഭ്യമാകുന്ന പ്രൊപ്പോസലുകള്‍ ഈ കമ്മിറ്റി വിലയിരുത്തി അര്‍ഹത കണക്കാക്കുകയും ലാഭകരമായ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ അപേക്ഷകര്‍ക്ക് നല്‍കുന്നതുമാണ്.

പ്രിലിമിനറി സ്‌കൂട്ടിനൈസിംഗ് കമ്മിറ്റി വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൂന്നു പേരുടെ അപേക്ഷയും സജനാ ഷാജിയുടെ അപേക്ഷയും ഫൈനല്‍ സ്‌ക്രൂട്ടിനൈസിംഗ് കമ്മിറ്റി പുന:പരിശോധിച്ച് ഒരു പ്രത്യേക കേസായി പരിഗണിച്ചു കൊണ്ടായിരിക്കും സാധ്യമായിട്ടുള്ള തുക അനുവദിക്കുന്നത്.

Back to top button
error: