Lead NewsNEWS

ഹെല്‍ത്ത് സൂപ്പര്‍വൈസറിന്റെ കുടുംബത്തിന് 50 ലക്ഷം ഇന്‍ഷുറന്‍സ് ലഭിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ എറണാകുളം കാലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.എ. ഷാജന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് തുക അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റേയും ആരോഗ്യ കേരളത്തിന്റേയും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ്, റീജിയണല്‍ മാനേജര്‍ ശ്രീദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റേയും പരിശ്രമ ഫലമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം നടപടികള്‍ പാലിച്ച് നേടിക്കൊടുക്കാന്‍ സഹായകരമായത്. ഇതുവരെ 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്‍ഷുറന്‍സ് ക്ലൈം നേടിക്കൊടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.

2017 സെപ്റ്റംബര്‍ മുതല്‍ കാലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് ഷാജന്‍ കാഴ്ചവച്ചത്. കോവിഡ് പ്രതിരോധത്തിനായുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീം, ഹെല്‍പ് ഡെസ്‌ക് എന്നിവയുടെ രൂപീകരണത്തിനായി സഹായിക്കുകയും കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഫീല്‍ഡുതല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് 2020 മേയ് ഏഴിനാണ് ഷാജന്‍ മരണമടഞ്ഞത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷാജന്റെ മരണം ആരോഗ്യ വകുപ്പിന് നഷ്ടമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

Signature-ad

ഭാര്യ സുജാത, മക്കള്‍ സഞ്ജയ്, സഞ്ജന, ഷാജന്റെ മാതാവ് ലീല എന്നിവരാണ് കുടുംബാംഗങ്ങള്‍.

Back to top button
error: