ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പെണ്‍മക്കളെ അന്ധവിശ്വാസത്തിന്റെ പേരില്‍ ബലികൊടുത്ത മാതാപിതാക്കളുടെ വാര്‍ത്ത മനുഷ്യമനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു . മക്കള്‍ വീണ്ടും പുനര്‍ജനിക്കുമെന്ന് പറഞ്ഞായിരുന്നു ആ കൊല. അതിനോട് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം പാലക്കാട്ട് അരങ്ങേറിയത്. ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ കൊലപാതകം അരങ്ങേറിയത്. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകനായ ആമിലിനെ ശുചിമുറിയില്‍ വെച്ച് കഴുത്തറുത്ത് കൊന്നത്. കൊന്ന ശേഷം ഇവര്‍ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച വസ്തുത പ്രതിയായ അമ്മയുടെ വാക്കുകളാണ്. ദൈവം പറഞ്ഞിട്ടാണ് താന്‍ ഈ കൃത്യം നടത്തിയത്. കുളിമുറിയില്‍ വെച്ച് കത്തികൊണ്ട് കഴുത്തറുത്തു കൊന്നു. ആ വാക്കുകളില്‍ ഒരു അമ്മയുടെ മാതൃത്വമോ സ്നേഹമോ അവര്‍ക്ക് കാണാനായില്ല. അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ഒരു സ്്ത്രീ.
പുലര്‍ച്ചെ നാല് മണിയോടെയാണ് ജനമൈത്രി പോലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലേക്ക് ഒരു ഫോണ്‍ കോള്‍ എത്തിയത്. താന്‍ മകനെ ബലി നല്‍കി എന്നായിരുന്നു ഷാഹിദ വിളിച്ചറിയിച്ചത്. ആ സമയം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം ഉടനെ പുളക്കാട്ടെ വീട്ടിലേക്ക് തിരിക്കുകയായിരുന്നു. കുളിമുറിയില്‍ കാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു ഷാഹിദ മകനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. അതേസമയം, ലോറി ഡ്രൈവറായ ഭര്‍ത്താവ് സുലൈമാനും രണ്ട് ആണ്‍മക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. സംഭവം നടന്നത് ഇവര്‍ അറിഞ്ഞത് പോലീസ് എത്തിയ ശേഷം. മൂന്നുമാസം ഗര്‍ഭിണിയായ ഷാഹിദ മദ്രസ അധ്യാപിക കൂടിയാണ്. എന്നാല്‍ ഇവര്‍ക്ക് പുറത്തറിയുന്നതായ യാതൊരു പ്രശ്നങ്ങളും ഉളളതായി അറിയില്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു. മക്കളോട് പൊതുവെ സ്നേഹത്തോടെ പെരുമാറാറുളള ഷാഹിദ ചെയ്ത ഈ ക്രൂരകൃത്യത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.
എന്നാല്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത മകനെ കൊല്ലാന്‍ ഹാഷിദ നേരത്തെ പ്ലാന്‍ തയ്യാറാക്കിയരുന്നു എന്നാണ്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിക്ക് മൂര്‍ച്ചയില്ലെന്ന് പറഞ്ഞാണ് ഇവര്‍ ഭര്‍ത്താവിനെ കൊണ്ട് പുതിയ കത്തി വാങ്ങിപ്പിച്ചത്. ഈ കത്തിയാണ് ആമിലിന്റെ ജീവനെടുത്തത്. ഷാഹിദ തന്നെ ഈ കാര്യം പോലീസിന് മുന്‍പാകെ സമ്മതിച്ചു കഴിഞ്ഞു. ഇരുമ്പു കത്തി വേണമെന്ന് നിര്‍ബന്ധം പറഞ്ഞാണ് ഇവര്‍ കത്തി വാങ്ങിപ്പിച്ചത്. താന്‍ ചെയ്തത് ഇപ്പോഴും ശരിയാണെന്നുള്ള മട്ടിലാണ് പോലീസ് സ്‌റ്റേഷനിലും ഷാഹിദയുടെ പെരുമാറ്റരീതികള്‍. സ്റ്റേഷനില്‍ വെച്ച് പ്രാര്‍ത്ഥിക്കണമെന്നും നിസ്‌കരിക്കണമെന്നും ഇതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തു തരണമെന്നും ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ച മുന്‍പാണ് മകനെ ബലി കൊടുക്കണമെന്ന ചിന്ത ഷാഹിദയുടെ മനസിലേക്ക് വന്നതെന്നും കൃത്യം ചെയ്യുന്ന സമയത്ത് താന്‍ ചെയ്യുന്നത് അന്യായമാണെന്ന് തോന്നിയിരുന്നില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ പിന്നീട് താനൊരു കൊലപാതകി ആയെന്ന് ബോധ്യം വന്നപ്പോഴാണ് പോലീസിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞതെന്നും ഹാഷിദ പറയുന്നു. ദൈവം രക്ഷയ്‌ക്കെത്തുമെന്ന് പുലമ്പുന്ന ഷാഹിദയുടെ മാനസിക നില ശരിയാണോ എന്ന കാര്യം പരിശോധിക്കേണ്ടതായിട്ടുണ്ട്.
ആമിലിന്റെ മരണ വാര്‍ത്തയറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് വീടിന് മുന്‍പില്‍ കൂടിയത്. ഏവര്‍ക്കും പ്രീയപ്പെട്ട ആമിലിന്റെ മരണം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. ആമിലിന്റെ കുഞ്ഞു സൈക്കിള്‍ കണ്ട് നാടൊന്നാകെ വിതുമ്പി. വൈകുന്നേരങ്ങളില്‍ ആ സൈക്കിള്‍ ചവിട്ടിയാണ് ആമില്‍ ഗ്രൗണ്ടിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്.