NEWS

പാർട്ടി ആവശ്യപ്പെട്ടാൽ കളത്തിലിറങ്ങുമെന്ന് ധർമ്മജൻ ബോൾഗാട്ടി: ബാലുശ്ശേരിയിലെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നില്‍ക്കുബോള്‍ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെല്ലാം സജീവ ചർച്ചയിലും പ്രവർത്തനത്തിലുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നേടിയ വൻ വിജയം നിയമസഭാ തിരഞ്ഞെടുപ്പിൽ തുടരാനകും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. അതേസമയം തോൽവിയുടെ രുചിയറിഞ്ഞ കോൺഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഏതു വിധേനയും വിജയം നേടുക എന്നത് മാത്രമാണ് പാർട്ടിയുടെ മുൻപിലുള്ള ഏക അജണ്ട. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പത്തംഗ സമിതി ഇലക്ഷൻ പ്രവർത്തനങ്ങൾ കാര്യമായി ആരംഭിച്ചുകഴിഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാർത്ഥികൾ ആരൊക്കെ ആയിരിക്കുമെന്ന് ആകാംക്ഷയോടെയാണ് കേരളക്കര നോക്കി കാണുന്നത്. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം കോൺഗ്രസിന് വേണ്ടി സിനിമാതാരം ധർമ്മജൻ ബോൾഗാട്ടി ബാലുശ്ശേരിയിൽ മത്സരിക്കാൻ എത്തും എന്നാണ് അറിയാൻ കഴിയുന്നത്. ധർമ്മജൻ ബോൾഗാട്ടിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. താരം കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി വൈപ്പിനിൽ മത്സരിക്കുമെന്നാണ് നേരത്തെ വാർത്ത പ്രചരിച്ചത്. ഈ കാര്യവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവേ താൻ അങ്ങനെ ഒരു തീരുമാനമെടുത്തിട്ടില്ലെന്നും പാർട്ടി അങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചാൽ അപ്പോൾ ആലോചിക്കാം എന്നുമായിരുന്നു ധർമ്മജന്റെ അന്നത്തെ പ്രതികരണം.

ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം ധർമ്മജൻ ബോൾഗാട്ടി കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ബാലുശേരി നിയമസഭാ മണ്ഡലത്തിലാണ് ധർമ്മജൻ ബോൾഗാട്ടിയെ കോൺഗ്രസ് പരിഗണിക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നത്. ഈ കാര്യവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നേതാക്കളും ധർമ്മജൻ ബോൾഗാട്ടിയും തമ്മിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ താൻ പാർട്ടി നേതാക്കളുമായി ആശയ വിനിമയം നടത്തിയിട്ടില്ലെന്നാണ് ധർമ്മജൻ മാധ്യമങ്ങളോട് പറഞ്ഞത്. പാർട്ടി തന്നോട് ആവശ്യപ്പെട്ടാൽ ഉറപ്പായും മത്സരിക്കാൻ എത്തുമെന്നും ധർമ്മജൻ പറഞ്ഞു.

താനൊരു കോൺഗ്രസ് അനുഭാവി ആണെന്ന് നിരന്തരം അഭിമുഖങ്ങളിൽ പരസ്യമായി പറയുന്ന ആളാണ് ധർമ്മജൻ ബോൾഗാട്ടി. അതുകൊണ്ടുതന്നെ ധർമ്മജന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ഏകദേശം ധാരണയായി എന്നാണ് സ്ഥിരീകരിക്കപ്പെടാത്ത വാർത്തകൾ വരുന്നത്. ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ നിന്നു തന്നെ ധർമ്മജൻ മത്സരിക്കുമെന്നാണ് അറിയുന്നത്. ലീഗ് മത്സരിക്കുന്ന സീറ്റാണ് ബാലുശ്ശേരി. ഇത്തവണ ഈ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചന. ബാലുശ്ശേരിയിലെ വിവിധ പരിപാടികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ധർമ്മജൻ പങ്കെടുത്തിരുന്നതും ശ്രദ്ധേയമായ കാര്യമാണ്. പൊതുജന സമ്മതരായ ചിലരെ ധർമ്മജൻ നേരിട്ട് വീട്ടിലെത്തി കാണുകയും ചെയ്തു. കോൺഗ്രസിൻറെ ജില്ലാ നേതാക്കളുമായി ആശയവിനിമയം നടത്തി. സംസ്ഥാന നേതാക്കൾ ധര്‍മജനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

ഇടതു കോട്ട എന്നറിയപ്പെടുന്ന ബാലുശ്ശേരിയിൽ ധർമ്മജൻ കൂടി എത്തുമ്പോൾ മത്സരം കടക്കുമെന്നാണ് അഭിപ്രായം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബാലുശ്ശേരിയില്‍ 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതിനു വേണ്ടി കളത്തിലിറങ്ങിയ പുരുഷൻ കടലുണ്ടി കഴിഞ്ഞ തവണ ജയിച്ചത്. ബാലുശ്ശേരിയിൽ നിന്നും രണ്ട് തവണ മത്സരിച്ച പുരുഷൻ കടലുണ്ടിക്ക് ഇത്തവണ മത്സര രംഗത്ത് നിന്നും വിട്ടു നിൽക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും സൂചനകളുണ്ട്. മുസ്ലിംലീഗ് സ്ഥാനാർത്ഥിയായ യുസി രാമനെയാണ് ഇദ്ദേഹം കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്. പുരുഷന്‍ കടലുണ്ടി പിന്‍മാറിയാല്‍ പകരം ആര് ധര്‍മ്മജന് എതിരെ നില്‍ക്കുമെന്ന കാര്യവും ശ്രദ്ധേയമാണ്. ധര്‍മ്മജന് വേണ്ടി ലീഗിന്റെ കൈയ്യിൽ നിന്നും ബാലുശ്ശേരി വാങ്ങി പകരം ജില്ലയിൽ തന്നെ മറ്റൊരു സീറ്റ് നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.

ചെറുപ്പം മുതൽ കെഎസ്‌യു അനുഭാവിയായിരുന്ന ധർമ്മജൻ നേരത്തെ വൈപ്പിൻ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസിനു വേണ്ടി മത്സരിക്കുക എന്നൊരു സൂചനയുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ യാതൊരു വിധത്തിലുള്ള ആലോചനകളും നടന്നിട്ടില്ല എന്നായിരുന്നു ധര്‍മ്മജന്റെ ആദ്യ പ്രതികരണം. ഇത്തവണ മത്സര രംഗത്തേക്ക് പുതുമുഖങ്ങളെ പരിഗണിക്കുന്നുവെന്നും താൻ മണ്ഡലത്തിൽ താമസിക്കുന്ന പാർട്ടി അനുഭാവി ആണെന്നുള്ളതും പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥിത്വത്തെ പറ്റി വാർത്തകൾ വന്നതെന്നായിരുന്നു ധർമ്മജന്റെ പക്ഷം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ ക്ഷണിച്ചാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് വരട്ടെ അപ്പോൾ കാണാം എന്നായിരുന്നു ധർമ്മജന്റെ പ്രതികരണം. ഇപ്പോഴിതാ പാർട്ടിയുടെ ക്ഷണം ധർമ്മജന് എത്തിയിരിക്കുന്നു. ധർമജൻ ബാലുശ്ശേരിയിൽ കോൺഗ്രസിന്റെ പ്രതിനിധിയായി മത്സരിക്കുമെന്നുമുള്ള വാർത്തകൾ ഏറെക്കുറെ സ്ഥിരീകരിച്ച നിലയിലാണ് പുറത്ത് വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button