ഗാസിയാബാദിൽ ആണ് ഈ അമ്പരിപ്പിക്കുന്ന സംഭവം. നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കാതിരിക്കാൻ പത്തുകോടി ആവശ്യപ്പെട്ട് ഒരാൾക്ക് നിരന്തരം ഭീഷണി സന്ദേശം വരുന്നു. സഹികെട്ട് ഇയാൾ പൊലീസിന് പരാതി നൽകുന്നു. ഒടുവിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.
കഴിഞ്ഞയാഴ്ചയാണ് ഗാസിയാബാദ് സ്വദേശിയായ ഒരാൾ പോലീസിന് പരാതി നൽകുന്നത്. തന്റെ ഇ-മെയിൽ ഹാക്ക് ചെയ്യപ്പെട്ടെന്നും നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പത്തുകോടി രൂപ നൽകണമെന്ന് ഒരാൾ ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി. മറ്റു കുടുംബ വിവരങ്ങൾ കൂടി പ്രസിദ്ധപ്പെടുത്തും എന്നും ഭീഷണിയുണ്ടായി.
പരാതി പ്രകാരം ജനുവരി ഒന്നിനാണ് സൈബർ ക്രിമിനൽ യുവാവിന്റെ ഇ-മെയിൽ ഹാക്ക് ചെയ്യുന്നത്. ഇ-മെയിൽ ഐഡിയുടെ പാസ്സ്വേർഡും വെരിഫിക്കേഷൻ മൊബൈൽ നമ്പറും മാറ്റുകയും ചെയ്തു. പിന്നാലെ 10 കോടി രൂപ ആവശ്യപ്പെട്ട് ഇയാൾക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചു. കുടുംബത്തിലെ ഓരോ കാര്യവും പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു ഇ-മെയിൽ.
ഐടി വകുപ്പ് പ്രകാരവും സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയും കേസ് രെജിസ്റ്റർ ചെയ്തു. പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം എന്ന ഐപി അഡ്രസ് പരാതിക്കാരന്റെ തന്നെ വീടാണെന്ന് കണ്ടെത്തി. ഒടുവിൽ പൊലീസ് പരാതിക്കാരൻറെ മകനെ ചോദ്യം ചെയ്തു. താനാണ് പണം ആവശ്യപ്പെട്ട് ഭീഷണി മെയിൽ അയച്ചത് എന്ന് പതിനൊന്നുകാരൻ പോലീസിനോട് സമ്മതിച്ചു.
ഓൺലൈൻ കമ്പ്യൂട്ടർ ക്ലാസ്സിലൂടെയും യൂട്യൂബ് വീഡിയോയിലൂടെയുമാണ് താൻ ഹാക്കിങ് അടക്കം പഠിച്ചതെന്ന് അഞ്ചാം ക്ലാസ്സുകാരൻ മൊഴിനൽകി. ഇതിനുശേഷം പിതാവിന് വിവിധ മെയിൽ ഐഡികളിൽ നിന്നായി താൻ നിരവധി ഭീഷണി സന്ദേശങ്ങൾ അയച്ചതായി പതിനൊന്നുകാരൻ പോലീസിനോട് പറഞ്ഞു. കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്.