ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണു സംഭവം. സര്‍ക്കാര്‍ പരിപാടിയില്‍ കൊടുംതണുപ്പ് സഹിച്ച് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആണ് സംഭവം. പൊതുശല്യം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കാണ്‍പൂരിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് യു.പി പോലീസ് കേസെടുത്തത്.
ഉത്തര്‍പ്രദേശിന്റെ സ്ഥാപക ദിനമായ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. യൂണിഫോം ധരിച്ചാണ് വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തത്. ഇതിനാല്‍ കുട്ടികള്‍ തണുത്ത് വിറക്കുകയായിരുന്നു. സംസ്ഥാന മന്ത്രി, എം എല്‍ എമാര്‍, ജില്ലാ മജിസ്ട്രേറ്റ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
അതേസമയം, പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ലെന്നും യോഗ, വ്യായാമം പരിപാടിയെയാണ് ദുര്‍വ്യാഖ്യാനം ചെയ്തതെന്നും ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ സുനില്‍ ദത്ത് ആരോപിച്ചു.