കുതിരാന്‍ തുരങ്കം ഇഴഞ്ഞു നീങ്ങുന്നു; റിപോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി,ഒരു ടണല്‍ തുറക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് നിര്‍മാണ കമ്പനി

കൊച്ചി: കുതിരാന്‍ തുരങ്കം പൂര്‍ത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ഒരു ടണല്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് കെ രാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി ആശയുടെ ഇടക്കാല ഉത്തരവ്. പത്ത് ദിവസം കൂടുമ്പോള്‍ കേസ് പരിഗണിക്കാനും കോടതി തീരുമാനിച്ചു.
അതേസമയം ഒരു ടണല്‍ തുറക്കാന്‍ മൂന്നു മാസം കൂടി വേണമെന്നും മാര്‍ച്ച് അവസാനത്തോടെ പണി തീര്‍ക്കാനാവും എന്നും നിര്‍മാണ കമ്പനി അറിയിച്ചു.

സാമ്പത്തിക പ്രശ്‌നമാണ് പണി നീളാന്‍ കാരണമെന്നും പണി മുടങ്ങിയിട്ടില്ല എന്നുമാണ് ദേശീയപാതാ അതോറ്റി കോടതിയെ അറിയിച്ചത്. എന്നാല്‍ സാമ്പത്തിക സ്രോതസ് ഇപ്പോഴാണോ കണ്ടെത്തുന്നതെന്ന് കോടതി ചോദിച്ചു.

വനം വകുപ്പിന്റെ അനുമതി കിട്ടാന്‍ താമസിച്ചതും നിര്‍മാണം വൈകാന്‍ കാരണമായി. കല്ല് അടര്‍ന്ന് വീഴുന്നതിനെക്കുറിച്ച് പഠിക്കണമെന്നും ഹര്‍ജി ഭാഗം ആവശ്യപ്പെട്ടു.അനാവശ്യ ആശങ്കയാണ് നാട്ടുകാര്‍ക്കെന്ന് ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടിയപ്പോള്‍ നാട്ടുകാര്‍ അല്ലേ തുരങ്കം ഉപയോഗിക്കേണ്ടതെന്ന് കോടതി ചോദിച്ചു. ദേശീയപാതാ അതാറിറ്റി നിയോഗിച്ച ഡോ. ശിവകുമാര്‍ ബാബു അധ്യക്ഷനായ കമ്മിറ്റിയാണ് റിപ്പോര്‍ട് നല്‍കേണ്ടത്. ശിവകുമാര്‍ ബാബുവിനെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *