24 മണിക്കൂറിനിടെ 15,158 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,42,841 ആയി. നിലവില്‍ രാജ്യത്ത് 2,11,033 സജീവ കേസുകളാണുളളത്. കോവിഡ് മരണങ്ങളും ക്രമാനുഗതമായി കുറയുകയാണ്.
24 മണിക്കൂറിനിടെ 175 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,52,093 ആയി. 16,977 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവര്‍ 1,01,79715 ആയി.
അതേസമയം, രാജ്യത്ത് കോവിഡ് വാക്സിനുകളുടെ വിതരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ‘വാക്സിന്‍ എപ്പോള്‍ എത്തുമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അതിനുള്ള ഉത്തരമാണിത്. കുറഞ്ഞസമയം കൊണ്ട് അത് എത്തിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ ദൗത്യമാണ് തുടങ്ങുന്നത്. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. മുന്നണി പോരാളികളുടെ വാക്സിനേഷന്‍ ചെലവ് കേന്ദ്രം വഹിക്കും’ -ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
കോവിഷീല്‍ഡ് വാക്‌സിനാണ് രാജ്യത്തെ രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും വാക്‌സിന്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ ബോധവത്കരണം നടത്തും. കേരളത്തില്‍ 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍. എറണാകുളം ജില്ലയില്‍ 12ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും കേന്ദ്രങ്ങളാണുള്ളത്. മറ്റു ജില്ലകളില്‍ ഒമ്പതുവീതവും. രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കുക.