51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് കലാ അക്കാദമിയിലാണ് ഉദ്ഘാടനം. കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, ആദ്യമായി ‘ഹൈബ്രിഡ്’ ചലച്ചിത്രമേളയായാണ് ഇത്തവണ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഇക്കൊല്ലം ഐ.എഫ്.എഫ്.ഐ. കുറച്ചു പരിപാടികള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും പ്രേക്ഷകര്‍ക്കായി സംഘടിപ്പിക്കും. ജനുവരി 16 മുതല്‍ 24 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായും സിനിമ കാണാം
വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിന് സമര്‍പ്പിക്കും. മേളയില്‍ അദ്ദേഹത്തിന്‍ ചിത്രങ്ങളാപഥേര്‍ പാഞ്ചാലി, ചാരുലത, സോണാര്‍ കെല്ല, ഗരേ ബെയ്രേ, ശത്രഞ്ജ് കേ ഖിലാഡി എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ അടുത്തിടെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ എസ്.പി. ബാലസുബ്രഹ്മണ്യം, സൗമിത്ര ചാറ്റര്‍ജി, ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍, ചാഡ്വിക് ബോസ്മാന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ചലച്ചിത്ര പ്രതിഭകള്‍ക്ക് മേളയില്‍ ആദരം അര്‍പ്പിക്കും.
ആകെ 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജന്റീനയില്‍നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹുസൈന്‍(ബംഗ്ലദേശ്) എന്നിവരും ജൂറി അംഗങ്ങളാണ്.
1952 ല്‍ തുടക്കംകുറിച്ച ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്‌ഐ) ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളകളിലൊന്നാണ്. എല്ലാ വര്‍ഷവും ഗോവയില്‍ നടക്കുന്ന ഈ ഉത്സവം, വിവിധ രാജ്യങ്ങളിലെ ചലച്ചിത്രകാരന്മാര്‍ക്ക് ഒരു പൊതുവേദി പ്രദാനം ചെയ്യുന്നു. വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര സംസ്‌കാരങ്ങളെയും അവരുടെ സാമൂഹികവും സാംസ്‌കാരിക പശ്ചാത്തലത്തെയും മനസ്സിലാക്കാനും ലോകജനതയുടെ സൗഹൃദവും സഹകരണവും പ്രോത്സാഹിപ്പിക്കാനും മേള ലക്ഷ്യമിടുന്നു. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് (വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ), ഗോവ സംസ്ഥാന ഗവണ്‍മെന്റ് എന്നിവ സംയുക്തമായാണ് മേള നടത്തുന്നത്.