രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ‘വാക്‌സിന്‍ എപ്പോള്‍ എത്തുമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അതിനുള്ള ഉത്തരമാണിത്. കുറഞ്ഞസമയം കൊണ്ട് അത് എത്തിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യമാണ് തുടങ്ങുന്നത്. വാക്‌സിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. മുന്നണി പോരാളികളുടെ വാക്‌സിനേഷന്‍ ചെലവ് കേന്ദ്രം വഹിക്കും’ -ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
കോവിഷീല്‍ഡ് വാക്സിനാണ് രാജ്യത്തെ രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും വാക്സിന്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ ബോധവത്കരണം നടത്തും. കേരളത്തില്‍ 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍. എറണാകുളം ജില്ലയില്‍ 12ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും കേന്ദ്രങ്ങളാണുള്ളത്. മറ്റു ജില്ലകളില്‍ ഒമ്പതുവീതവും രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുക.
ആദ്യ ദിവസം സംസ്ഥാനത്ത് ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്സിനേഷന്‍ നടത്തുക. വാക്സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് നാലുമുതല്‍ അഞ്ചു മിനിറ്റ് വരെയാണ് സമയമെടുക്കുന്നത്. ഓരോ വ്യക്തിക്കും 0.5 എം.എല്‍ കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുന്നത്. ആദ്യ ഡോസിന് 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.
വാക്സിനേഷന്‍ കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും പരിഹരിക്കും. അടിയന്തര ചികിത്സക്കായി എല്ലായിടത്തും എ.ഇ.എഫ്.ഐ കിറ്റ് ഒരുക്കിയിട്ടുണ്ട്. ആംബുലന്‍സ് സേവനവും ലഭ്യമാണ്. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കാനുള്ള നടപടി അപ്പോള്‍തന്നെ സ്വീകരിക്കാനാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്. എല്ലാ കേന്ദ്രത്തിലും വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 4.33 ലക്ഷം ഡോസ് വാക്സിനാണ് എത്തിച്ചിട്ടുള്ളത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍കോട് 6,860 എന്നിങ്ങനെയാണ് ജില്ല തിരിച്ച വിവരം. കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ രാവിലെ സന്ദര്‍ശിക്കും