Lead NewsNEWS

കോവിഡ് പ്രതിരോധത്തില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം; കേരളം നടത്തിയത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പക്ഷിപനിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ വന്ന കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരളം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്നും കേന്ദ്ര സംഘം പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

ഏഴാം തീയതി രാത്രിയാണ് കേന്ദ്ര സംഘം കേരളത്തിലെത്തിയത്. മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസ് ജോ. സെക്രട്ടറിയും കോവിഡ്-19 നോഡല്‍ ഓഫീസറുമായ മിന്‍ഹാജ് അലാം, നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. എട്ടാം തീയതി കോട്ടയത്തും ഒമ്പതാം തീയതി ആലപ്പുഴയിലും സന്ദര്‍ശനം നടത്തി വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി. തിങ്കളാഴ്ച ആരോഗ്യ വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കോവിഡ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല വിലയിരുത്തല്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്നു. സംസ്ഥാനത്തെ എല്ലാ പ്രധാന കോവിഡ് ആശുപത്രികളിലേയും മേധാവിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി വിശദീകരിച്ചു.

Signature-ad

കേരളം മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്ര സംഘത്തെ അറിയിച്ചിട്ടുണ്ട്. കോവിഡിന്റെ കാര്യത്തില്‍ കേരളം തുടക്കം മുതല്‍ നടത്തിവന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം സന്തുഷ്ടി പ്രകടിപ്പിച്ചു. ടെസ്റ്റ്, വാസ്‌കിനേഷന്‍ എന്നിവയുടെയെല്ലാം കാര്യത്തില്‍ നല്ല രീതിയിലുള്ള ചര്‍ച്ചയാണ് നടന്നത്. അവരുടെ നിര്‍ദേശങ്ങള്‍ അവര്‍ തയ്യാറാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്. കേന്ദ്രസംഘത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതാണ്. പക്ഷിപ്പനിയിലും കോവിഡിലും കേരളം എടുത്ത മുന്‍കൈയ്യും അവര്‍ സൂചിപ്പിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളില്‍ ഈ സംഘം സന്ദര്‍ശിച്ചു. അവിടെയെല്ലം പക്ഷിപ്പനി നിയന്ത്രണ വിധേയമാണ്. കൂടുതല്‍ കാര്യങ്ങള്‍ എന്‍.സി.ഡി.സി.യുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതുണ്ടെന്നും എന്‍.സി.ഡി.യുടെ റീജിയണല്‍ സെന്റര്‍ ഈ മേഖലയില്‍ അനുവദിച്ച് തരാമെന്നും സംഘം പറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതാണ്. പക്ഷിപ്പനിയുടെ കാര്യത്തില്‍ വളരെ നല്ല പ്രവര്‍ത്തനങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ നടന്നത്. സാമ്പിള്‍ ടെസ്റ്റിന് സാധാരണ ഭോപ്പാലിലേക്കാണ് അയക്കുന്നത്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ചെയ്യാന്‍ കഴിയുന്ന ലാബ് ഇവിടെ സജ്ജമാക്കാന്‍ കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കോവിഡ് മഹാമാരിയുടെ ‘പീക്ക് സ്ലോ ഡൗണ്‍’ ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് കേരളത്തിലെ വിജയം. കോവിഡ് പ്രതിരോധത്തില്‍ കേരളം ശാസ്ത്രീയമായ മാര്‍ഗമാണ് സ്വീകരിച്ചത്. എല്ലാവര്‍ക്കും കോവിഡ് വന്നുപോകട്ടെയെന്ന് കരുതിയില്ല. പകരം മറ്റാളുകളിലേക്ക് പകരാതിരിക്കാനാണ് ശ്രദ്ധിച്ചത്. അതിനാല്‍ തന്നെ മരണനിരക്ക് മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വളരെയധികം കുറയ്ക്കാനായി. പ്രതിദിനം 20,000 രോഗികളുണ്ടാകുമെന്നായിരുന്നു വിലയിരുത്തിയത്. എന്നാല്‍ ആ ഘട്ടങ്ങളിലെല്ലാം 10,000നകം രോഗികളാക്കി പിടിച്ചു നിര്‍ത്താന്‍ കേരളത്തിനായി. ഒരിക്കല്‍പോലും കോവിഡ് രോഗികളുടെ എണ്ണം കൂടി ആശുപത്രി നിറഞ്ഞ് കവിയുന്ന അവസ്ഥയുണ്ടായില്ല. ഐസിയുകളില്‍ 50 ശതമാനവും വെന്റിലേറ്ററുകളില്‍ 15 ശതമാനവും മാത്രമാണ് രോഗികളുള്ളത്. ബ്രേക്ക് ദ ചെയിനും റിവേഴ്‌സ് ക്വാറന്റൈനും ഫലപ്രദമായി കേരളം നടപ്പിലാക്കി. ഈ മഹാമാരി സമയത്ത് ഏറ്റവുമധികം ആളുകളുടെ ജീവന്‍ രക്ഷിച്ച സംസ്ഥാനമായി കേരളം മാറുന്നതാണ്. കേരളമായിരിക്കും ഏറ്റവും നല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വാക്‌സിന്റെ ലഭ്യതയെപ്പറ്റിയും കേന്ദ്ര സംഘവുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍ച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to top button
error: