കടക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ അമ്മയുടെ ജാമ്യാപേക്ഷ തള്ളി കോടതി . തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡിസംബര്‍ 18 നാണ് കടക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മയുടെ പേരില്‍ പോക്സോ കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്ന് മുതല്‍ അട്ടക്കുളങ്ങര ജയിലിലാണ്. മൂന്ന് വര്‍ഷത്തോളമായി വേര്‍പെട്ട് കഴിയുകയും തനിക്കെതിരെ പരാതി നല്‍കുകയും ചെയ്ത ഭാര്യക്കെതിരെ മകനെ ഉപയോഗിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് മറ്റൊരു മകന്റെ മൊഴി പുറത്തുവന്നതോടെയാണ് കേസില്‍ ട്വിസ്റ്റ് ഉണ്ടായത്.
സംഭവത്തില്‍ പൊലീസ് ധൃതി പിടിച്ച് കേസെടുത്തെന്നും ശരിയായി അന്വേഷണം നടത്താതെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കാത്ത കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തതായും ആരോപണമുണ്ട്. അതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.സുനന്ദ സര്‍ക്കാരിന് പരാതി സമര്‍പ്പിച്ചു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു കുട്ടി നല്‍കിയ മൊഴി, CWC നല്‍കിയ റിപ്പോര്‍ട്ട് എന്നിവ പ്രകാരമാണ് അമ്മയ്‌ക്കെതിരെ കേസെടുത്തത് എന്നാണ് കടയ്ക്കാവൂര്‍ പൊലീസ് കോടതിയെ അറിയിച്ചത്. കേസിനെക്കുറിച്ച് ആദ്യവിവരം നല്‍കിയ ആളായി എഫ്‌ഐആറില്‍ CWC ചെയര്‍പഴ്‌സന്‍ എന്‍. സുനന്ദയുടെ പേരാണ് ചേര്‍ത്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയുടെ കൗണ്‍സിലിങ് നടത്തുകയോ കേസെടുക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നു CWC അധികൃതര്‍ പറഞ്ഞു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസിലെ കൗണ്‍സിലറാണ് കൗണ്‍സിലിങ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അത് പൊലീസിനു കൈമാറുക മാത്രമാണ് ചെയ്തത്. കുട്ടി പീഡനത്തിനു ഇരയായെന്ന വിവരം അറിയിച്ചത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണെന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത് തെറ്റാണെന്നും അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ സമ്മര്‍ദങ്ങള്‍ക്ക് പോലീസ് ഇടയായിട്ടുണ്ടോയെന്നും ഏതെങ്കിലും വിധത്തിലുള്ള സ്വാധീനങ്ങള്‍ക്ക് വശംവതരായിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. കേസില്‍ ശരിയായ അന്വേഷണം പോലും നടത്താതെ ധൃതി പിടിച്ച് യുവതിയെ അറസ്റ്റ് ചെയ്തത് ആരെ തൃപ്തിപ്പെടുത്തുവാനായിരുന്നു എന്ന ചോദ്യവും ബാക്കിയാവുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പറയാത്ത കാര്യങ്ങള്‍ എങ്ങനെ FIR ല്‍ എഴുതിച്ചേര്‍ത്തു എന്ന കാര്യത്തിനും വ്യക്തത വന്നിട്ടില്ല. കേസില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരെങ്കിലും ഒരു സത്യത്തെ മൂടി വെച്ചിട്ടുണ്ടോയെന്നും വെളിച്ചത്ത് കൊണ്ടുവരേണ്ടിയിരിക്കുന്നു. ഒരുപക്ഷേ സത്യം ആ അമ്മയുടെ പക്ഷത്താണെങ്കില്‍ ഇപ്പോള്‍ അവര്‍ കടന്നു പോവുന്ന മാനസിക ബുദ്ധിമുട്ടുകള്‍ക്ക് എന്ത് പരിഹാരം നല്‍കാന്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്കാവും എന്ന ചോദ്യവും പ്രസക്തമാണ്.