Lead NewsNEWS

വാളയാര്‍ കേസ്‌; ക്രിമിനൽ നീതിന്യായ നിർവഹണ ചരിത്രത്തിലെ അപൂർവമായ ഒരു വിധി

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ വെറുതെവിട്ട  വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്ന് നിയമവകുപ്പ് മന്ത്രി ശ്രീ.എ കെ ബാലന്‍
 
സർക്കാർ നൽകിയ  അപ്പീൽ അംഗീകരിച്ച ഹൈക്കോടതി കേസിൽ പുനർവിചാരണ  നടത്തണമെന്നും തുടരന്വേഷണം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ രണ്ട് ആവശ്യങ്ങളാണ് സംസ്ഥാന സർക്കാർ പ്രധാനമായും അപ്പീലിൽ ഉന്നയിച്ചിരുന്നത്. രണ്ടും കോടതി അംഗീകരിച്ചു. ക്രിമിനൽ നീതിന്യായ നിർവഹണ ചരിത്രത്തിലെ അപൂർവമായ ഒരു വിധിയാണിതെന്നും മന്ത്രി പറഞ്ഞു.

കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായെന്ന്  സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല. പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്‌ടേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴികളും വിചാരണക്കോടതിയില്‍ എത്തിച്ചില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയില്ല. കേസിലെ സാഹചര്യം മേലധികാരികളേയോ സര്‍ക്കാരിനേയോ അറിയിച്ചില്ല. ഇളയ കുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി. 

പ്രോസിക്യൂഷന്റെ ഭാഗത്ത് ഗുരുതര പിഴവുകളുണ്ടായി. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ട വിധം ഹാജരാക്കിയില്ല. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കിയില്ല. കൂറു മാറിയ സാക്ഷികളുടെ എതിര്‍ വിസ്താരം നടത്തിയില്ല. ഇത്തരം ഗുരുതരമായ പിഴവുകൾ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 

വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോള്‍ വേണ്ട പോലെ ഇടപെടാൻ കോടതി തയ്യാറായില്ല. സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതിക്ക് ഇടപെടാമായിരുന്നു. കോടതി  അതിൻ്റെ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങള്‍ കോടതി  നടത്തി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വിധിന്യായത്തില്‍ വന്നു.  നീതിനിര്‍വഹണത്തില്‍ കോടതി   കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വാളയാറിലെ പെൺകുട്ടികൾക്ക് നീതി കിട്ടണമെന്ന കാര്യത്തിൽ ഗവണ്മെൻ്റിന് തുടക്കം മുതൽ തന്നെ നിർബ്ബന്ധമുണ്ടായിരുന്നു. ഈ വിഷയം ഉന്നയിച്ച് സർക്കാരിനെ രാഷ്ട്രീയമായി ആക്രമിക്കാൻ പലരും രംഗത്തുവന്നു. എന്നാൽ പഴുതുകളടച്ചുള്ള ഇടപെടലുകളിലൂടെ  കുറ്റവാളികളെ ശിക്ഷിക്കാൻ വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തത്. ഹൈക്കോടതി വിധി ഇക്കാര്യത്തിൽ വലിയ പ്രചോദനമാണ്. കുറ്റമറ്റ രീതിയിൽ പുനർവിചാരണയും തുടർ അന്വേഷണവും നടത്താനുള്ള എല്ലാ സാഹചര്യങ്ങളും സർക്കാർ സൃഷ്ടിക്കും. വാളയാർ  പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Back to top button
error: