സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാവാറുളള ഒരു കുടുംബമാണ് ചലച്ചിതതാരം കൃഷ്ണകുമാറിന്റേത്. വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതെ എന്തും വെട്ടിതുറന്ന് പറയുന്നതാവണം ഇവരെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. സോഷ്യല്‍ മീഡിയയിലെ വ്‌ളോഗുകളിലൂടെയാണ് ഈ കുടുംബത്തെ ആരാധകര്‍ അടുത്തറിഞ്ഞത്.
മകളും നടിയുമായ അഹാന കൃഷ്ണകുമാറും എപ്പോഴും വാര്‍ത്തകളിലെ താരമാകാറുണ്ട്. ഇപ്പോഴിതാ അഹാനയെ കാണാന്‍ വീട്ടിലെത്തിയ ആരാധകന്റെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കൃഷ്ണകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീടിന് മുമ്പിലെത്തിയ യുവാവ് ഗേറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ബഹളംവെച്ചു. എന്തിനാണ് ഗേറ്റ് തുറക്കുന്നതെന്ന് നടന്‍ കൃഷ്ണകുമാര്‍ ചോദിച്ചപ്പോള്‍ ഇയാള്‍ ഗേറ്റിനു മുകളിലൂടെ ചാടിക്കടന്നു. ഈ ദൃശ്യങ്ങള്‍ കൃഷ്ണകുമാറും പെണ്‍മക്കളും മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമവും നടത്തി. എന്നാല്‍ മുന്‍ വശത്തെ വാതില്‍ അടഞ്ഞു കിടന്നതു കൊണ്ട് മാത്രം അകത്തേക്ക് കയറാനും മറ്റ് നാശ നഷ്ടം ഉണ്ടാക്കാനുമായില്ല. കൃഷ്ണകുമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, അഹാനയോടുള്ള ആരാധന കൊണ്ടാണ് താരത്തെ കാണാന്‍ വീട്ടില്‍ എത്തിയെന്നും ഗൂഗിള്‍ മാപ്പാണ് വഴി കാട്ടിയതെന്നുമാണ് പ്രതി മലപ്പുറം സ്വദേശി ഫസില്‍ ഉള്‍ അക്ബറിന്റെ മൊഴി. അഹാനയ്ക്ക് കോവിഡ് ബാധിച്ചത് പത്രങ്ങളില്‍ വാര്‍ത്തായയിരുന്നു. നടിയായ അഹാനയോട് ആരാധനയാണ്. അസുഖമെന്ന് അറിഞ്ഞതോടെ മനസ്സ് വേദനിച്ചു. നടിയെ കാണാന്‍ മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് എത്തി-ഫസിലുള്ള പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ മാനസികാ അസ്വാസ്ഥ്യം ഉള്ളതു പോലെ ഇയാള്‍ പെരുമാറുന്നുണ്ടെങ്കിലും മാനസിക പ്രശ്നമുണ്ടെന്ന് പൊലീസ് കരുതുന്നില്ല. ഈ സാഹചര്യത്തില്‍ വിശദമായ ചോദ്യം ചെയ്യലിന് അറസ്റ്റിലായ പ്രതിയെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. ഇന്ന് വൈകിട്ടോടെ വിശദ ചോദ്യം ചെയ്യല്‍ നടക്കും. പ്രത്യേക പൊലീസ് സംഘത്തെ ഇതിനായി നിയോഗിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഗേറ്റ് ചാടിക്കടന്നതിന് തെളിവായി വീഡിയോ ഉണ്ട്. അതുകൊണ്ട് തന്നെ ഇയാളെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ റിമാന്‍ഡ് ചെയ്യാനാണ് സാധ്യത.
ഇയാളുടെ അഡ്രസും മറ്റും ശരിയാണോ എന്ന് ഉറപ്പിക്കാനും അന്വേഷണം പൊലീസ് നടത്തി. അങ്ങനെയാണ് രാത്രി തന്നെ യുവാവിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബിടെക് പഠന പൂര്‍ത്തിയാക്കാത്ത യുവാവാണ് അക്രമം കാട്ടിയത് എന്ന് ഇതോടെ മനസ്സിലായി. നാട്ടിലും ഇയാള്‍ സ്ഥിരം പ്രശനക്കാരനാണെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം നടത്തും.