മകന്റെ അടിയേറ്റതില്‍ മനംനൊന്ത് ആസ്പത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ അച്ഛന്‍ മരിച്ചു,മകൻ റിമാണ്ടിൽ

മകന്റെ അടിയേറ്റ് കയ്യൊടിഞ്ഞു ചികിത്സയിലായിരുന്ന പിതാവ് ആസ്പത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവതിൽ മകനെ കോടതി റിമാൻഡ് ചെയ്തു.ബന്തടുക്ക പടുപ്പ് വില്ലാരംവയലിലെ അറുപത്തിയൊമ്പതുകാരൻ ലക്ഷ്മണ ഗൗഡയാണ് ജീവനൊടുക്കിയത്.

കൈക്ക് ഗുരുതരമായി പരിക്കേറ്റ് കര്‍ണാടക സുള്ള്യയിലെ കെ.വി.ജി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ലക്ഷ്മണ.കഴിഞ്ഞ ദിവസമാണ് ലക്ഷ്മണ ആസ്പത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ലക്ഷ്മണയെ മകന്‍ അടിച്ച് കയ്യൊടിച്ച സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്തിരുന്നു.നരഹത്യാ ശ്രമത്തിന് ആയിരുന്നു കേസ്.

ഈ കേസില്‍ ഒളിവിലായിരുന്ന മകന്‍ ജെ.സി.ബി ഡ്രൈവറായ വി.എ സന്തോഷിനെ ഒളിവില്‍ കഴിയവെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വിവാഹശേഷം സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുകാരുമായി വഴക്കിട്ട് മാറി താമസിക്കുകയായിരുന്നു പ്രതി സന്തോഷ്.

ഭാര്യയോടൊപ്പം കഴിഞ്ഞ ദിവസം വില്ലാരം വയലിലെ വീട്ടിലെത്തിയ സന്തോഷ്‌ മദ്യലഹരിയില്‍ വടികൊണ്ട് പിതാവിന്റെ കൈ തല്ലി ഒടിക്കുകയായിരുന്നു. ആസ്പത്രിയില്‍ കൂടെയുണ്ടായിരുന്ന മരുമകന്‍ നാരായണന്‍ രാത്രി ഭക്ഷണം വാങ്ങാന്‍ പുറത്തു പോയ സമയത്താണ് ആസ്പത്രി കെട്ടിടത്തില്‍ നിന്നും ചാടി ലക്ഷ്മണ ജീവനൊടുക്കിയത്. സന്തോഷിനെ കോടതി റിമാണ്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *