മഞ്ചേശ്വരത്ത് കടലില്‍ രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, മംഗളൂരു ഹാര്‍ബറില്‍ ഇറക്കിവിട്ടു
മഞ്ചേശ്വരത്ത് ബോട്ടിലെത്തിയ സംഘം തിങ്കളാഴ്ച ഉച്ചയോടെ കടലില്‍ നിന്ന് രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി. പിന്നീട് മംഗളൂരു ഹാര്‍ബറില്‍ ഇറക്കി വിട്ടു.
ഷിറിയ തീരദേശ എസ്.ഐ. കെ.വി. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് 12 പേര്‍ സഞ്ചരിച്ച കര്‍ണ്ണാടക ബോട്ട് തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിച്ചിരുന്നു. രേഖകളില്‍ സംശയം തോന്നിയതിനാല്‍ ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ ബോട്ടില്‍ ഷിറിയ തീരദേശ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രഘു, സുധീഷ് എന്നിവരെ കയറ്റി മഞ്ചേശ്വരം ഹാര്‍ബാറില്‍ അടുപ്പിക്കാന്‍ ബോട്ട് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി.തുടർന്ന് എസ്.ഐയും സംഘവും തങ്ങള്‍ വന്ന ബോട്ടില്‍ മടങ്ങി. മഞ്ചേശ്വരം ഹാര്‍ബറില്‍ ബോട്ട് എത്താതിരുന്നതിനെ തുടര്‍ന്ന് എസ്.ഐ പൊലീസുകാരെ ഫോണില്‍ ബന്ധപ്പെട്ടു. ബോട്ട് അമിത വേഗതയില്‍ മറ്റൊരു ഭാഗത്തേക്ക് ഓടിച്ചു പോകുന്നതായുള്ള വിവരമാണ് പോലീസുകാർ നൽകിയത്.
അടിയന്തിരമായി കാസര്‍കോട്ടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മംഗളൂരുവിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
ബോട്ട് മംഗളൂരുവിലെ ഹാര്‍ബറില്‍ എത്തിയെന്നും പൊലീസുകാര്‍ സുരക്ഷിതരാണെന്നുമുള്ള വിവരം പിന്നാലെ ലഭിച്ചു.