തമിഴ്നാട്ടില്‍ നിയസഭ പ്രചരണചൂടിന്റെ ഭാഗമായി അര നൂറ്റാണ്ടിന് മുമ്പ് ഇറങ്ങിയ എംജിആര്‍ ചിത്രം അന്പേ വാ നഗരത്തിലെ പ്രമുഖ തിയേറ്ററുകളില്‍ റിലീസ് ചെയ്തു.
കോവിഡ് ലോക്ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്ന് മാസമേറെയായിട്ടും ജനം കയറുന്നില്ല. കോവിഡ് പേടിയും പുതിയ റിലീസുകളും ഇല്ലാത്തുമാണ് പ്രധാന കാരണം. എന്നാല്‍ ഇപ്പോഴിതാ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാനായി പാര്‍ട്ടികള്‍ എംജിആറിനെ കൂട്ടുപിടിച്ചിരിക്കുകയാണ്.
1966 പുറത്തിറങ്ങിയ ഈ ചിത്രം നഗരത്തിലെ പ്രമുഖ തിയറ്ററുകളായ കില്‍പോക് ഈഗ, വടപളനി പിവിആര്‍ പലാസ്സോ, ടിനഗര്‍ എജിഎസ് തുടങ്ങിയ ഇടങ്ങളില്‍ ഓരോ ഷോ വീതമാണു കളിക്കുന്നത്. കോവിഡ് നിബന്ധന പ്രകാരം തിയറ്ററുകളില്‍ 50% പേര്‍ക്കാണു പ്രവേശനാനുമതി. എന്നാല്‍, പരമാവധി 20-30% പേര് മാത്രമാണ് എത്തുന്നത്. ചില ഷോകള്‍ കാണികളില്ലാത്തതു കാരണം റദ്ദാക്കേണ്ട സ്ഥിതിയുമുണ്ട്. എംജിആര്‍ ചിത്രത്തിനു മോശമല്ലാത്ത ടിക്കറ്റ് ബുക്കിങ്ങുണ്ടെന്നു ഉടമകള്‍ പറയുന്നു.
എംജിആറിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് അന്പേ വാ. തമിഴിലെ ആദ്യകാല കളര്‍ ചിത്രങ്ങളിലൊന്നായ സിനിമയുടെ ബജറ്റ് 30 ലക്ഷമായിരുന്നു. അക്കാലത്ത് നിര്‍മാണ ചെലവിന്റെ ഇരട്ടിയിലേറെ കളക്ഷന്‍ നേടി റെക്കോര്‍ഡിട്ടു. ജെ. ബാലസുബ്രഹ്മണ്യം എന്ന യുവ ബിസിനസുകാരനെയാണു എംജിആര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സരോജ ദേവിയാണു നായിക. എംജിആര്‍ വീണ്ടും തിരയിലെത്തുമ്പോള്‍ പഴയ തലമുറയ്ക്കൊപ്പം യുവാക്കളും കാണാനെത്തുന്നുണ്ട്.