യുവനടിയെ അപമാനിച്ച സംഭവത്തിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും, പ്രതികൾ മലപ്പുറം സ്വദേശികൾ എന്ന് വിവരം

കൊച്ചിയിലെ ഷോപ്പിങ് മാളിൽ വെച്ച് യുവ നടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തേക്കും. രണ്ടു പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. കകഴിഞ്ഞ ദിവസം പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലർ പോലീസിൽ വിവരം നൽകുകയായിരുന്നു. രണ്ടുപേരും മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. സൈബർസെല്ലിന് സഹായത്തോടെ ടവർ ലൊക്കേഷൻ പരിശോധിച്ച് പ്രതികളെ ഉറപ്പുവരുത്തി അറസ്റ്റ് ചെയ്യാനാണ് നീക്കം.
വ്യാഴാഴ്ച വൈകിട്ടാണ് യുവനടി ഷോപ്പിങ് മാളിൽ വെച്ച് അപമാനിക്കപ്പെട്ടത്. കുടുംബത്തോടൊപ്പം മാളിലെത്തിയ തന്നെ രണ്ടു ചെറുപ്പക്കാർ അപമാനിച്ചു എന്നും ശരീരത്തിൽ സ്പർശിച്ച ശേഷം പിന്തുടർന്നു എന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ അന്വേഷണം നടത്താൻ കളമശ്ശേരി പോലീസിനെ നിയോഗിക്കുകയായിരുന്നു.
കോവിഡ് പ്രോട്ടോകൾ അനുസരിച്ച് മാളിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ പേരും ഫോൺ നമ്പറും എഴുതി നൽകേണ്ടതുണ്ട്. എന്നാൽ ഇവർ ഇത് രേഖപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ മനപ്പൂർവം കുറ്റകൃത്യം ചെയ്യാനായി മാളിൽ കയറി എന്നാണ് അനുമാനിക്കുന്നത്.






