NEWS

പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാന്‍: കമല്‍ഹാസന്‍

പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്‍.

കോവിഡ് മൂലം ഇന്ത്യയിലെ പകുതി ജനങ്ങള്‍ പട്ടിണിയിലാണ്. ആസമയത്ത് 100 കോടി രൂപ ചിലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ് എന്ന് കമല്‍ ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു കമലിന്റെ പ്രതികരണം.

തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നല്‍കണം എന്നും കമല്‍ ആവശ്യപ്പെട്ടു.

‘ചൈനയില്‍ വന്‍മതില്‍ പണിയുമ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ മരിച്ചു വീണു. അന്ന് രാജാവ് തൊഴിലാളികളോടും ജനങ്ങളോടും പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതില്‍ എന്നാണ്.’ – കമല്‍ ചൂണ്ടിക്കാട്ടി. നേരത്തേ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തും കമല്‍ സംസാരിച്ചിരുന്നു. കര്‍ഷക സമരങ്ങളെ അനുഭാവ പൂര്‍വ്വം പരിഗണിക്കാതെ മോദി വാരാണസി സന്ദര്‍ശനം നടത്തിയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കമല്‍ അന്ന് താരതമ്യം ചെയ്തത്.

അതേസമയം, കമല്‍ഹാസന്‍ ഇപ്പോള്‍ തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കിലാണ്. തെക്കന്‍ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ ആണ് മക്കള്‍ നീതി മയ്യത്തിന്റെ ആദ്യഘട്ട പ്രചാരണം. ഇന്ന് മധുരയില്‍ നിന്ന് പ്രചാരണം ആരംഭിക്കും. കോവിഡ് സാഹചര്യത്തില്‍ ആള്‍ക്കൂട്ടത്തിന് സാധ്യതയുള്ളതിനാല്‍ പൊതുയോഗം നടത്താനായി കമലിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

കമല്‍ഹാസന്‍ ചെന്നൈയിലെ മൈലാപ്പൂര്‍ മണ്ഡലത്തില്‍ നിന്നോ രാമനാഥപുരത്ത് നിന്നോ മത്സരിക്കാനുള്ള സാധ്യതയാണ് കാണുന്നത്. പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ക്ക് പുറമെ മറ്റ് സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ജനകീയ അംഗീകാരമുള്ളവര്‍ക്കും സീറ്റ് നല്‍കും എന്ന് മക്കള്‍ നീതി മയ്യം രണ്ട് മാസം മുന്‍പ് തീരുമാനിച്ചിരുന്നു. കമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Back to top button
error: