ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷ കിരൺ മയി നായക് ഒരു വലിയ വിവാദത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. മിക്കവാറും ബലാത്സംഗക്കേസുകൾ ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷമുള്ള പരാതി ആണെന്നാണ് കിരൺ മയി നായക് പറഞ്ഞത്. വനിതാ കമ്മീഷൻ അധ്യക്ഷയെ പിന്തുണച്ച് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും രംഗത്തെത്തി. അനുഭവത്തിന്റെയും കണക്കുകളുടെയും അടിസ്ഥാനത്തിലായിരിക്കും വനിതാ കമ്മീഷൻ അധ്യക്ഷ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക എന്ന് ഭൂപേഷ് ഭാഗൽ പറഞ്ഞു.
“മിക്കവാറും കേസുകളിൽ പെൺകുട്ടികൾ ഉഭയസമ്മതത്തോടെ ബന്ധം ആരംഭിക്കും. ഒരുമിച്ചു കഴിയും. ബന്ധം പൊളിയുമ്പോൾ ബലാത്സംഗ കേസുമായി രംഗത്തു വരും.”കിരൺ മയി നായക് വെള്ളിയാഴ്ച പറഞ്ഞു.” വിവാഹിതനായ ഒരു പുരുഷൻ ബന്ധത്തിന് പ്രേരിപ്പിക്കുമ്പോൾ അയാൾ നുണ പറയുകയാണോ എന്നുള്ള കാര്യം പെൺകുട്ടി കൃത്യമായിത്തന്നെ ഉറപ്പാക്കണം”കിരൺ മയി നായക് കൂട്ടിച്ചേർത്തു.
പ്രണയബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ പെൺകുട്ടികൾ ശ്രദ്ധ പുലർത്തണമെന്നും കിരൺ മയി നായക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സിനിമ കണക്ക് പ്രണയങ്ങൾ കുടുംബജീവിതത്തിന്റെ ഭദ്രതയെ തകർക്കുമെന്നുംകിരൺ മയി നായക് പറയുന്നു.
” 18 വയസ്സിൽ പെൺകുട്ടികൾ കല്യാണം കഴിക്കുക എന്നത് ഇപ്പോഴത്തെ ഒരു പ്രവണത ആയി മാറിയിട്ടുണ്ട്. കുട്ടികളൊക്കെ ആകുമ്പോൾ പിന്നീട് ഒരുമിച്ച് ജീവിക്കാൻ പാടുപെടും.”കിരൺ മയി നായക് വിശദീകരിച്ചു.