തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം വാര്‍ത്തകളില്‍ ഏറെ സ്ഥാനം പിടിച്ചിരുന്നു. പാര്‍ട്ടിയെപ്പറ്റിയുള്ള പ്രഖ്യാപനവും മറ്റ് വിവരങ്ങളും ഡിസംബര്‍ 31 ന് അറിയിക്കുമെന്നാണ് താരം പറഞ്ഞിരുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി രജനീകാന്തും മക്കള്‍ മന്‍ട്രം ജില്ലാ ഭാരവാഹികളുമായി തിരക്കിട്ട് ചര്‍ച്ചയിലാണ്. പാര്‍ട്ടിയിലെ വിവിധ കമ്മിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. രജനീകാന്തിനൊപ്പം പാര്‍ട്ടി ഓവര്‍സിയര്‍ തമിഴരുവി മണിയന്, ചീഫ് കോര്‍ഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഉന്നതതല കമ്മിറ്റിയാകുമെന്ന് കരുതപ്പെടുന്ന നിര്‍വ്വാഹക സമിതിയെപ്പറ്റിയാണ് താരവും പാര്‍ട്ടി പ്രവര്‍ത്തകരും ചര്‍ച്ച നടക്കുന്നത്.
രജനി മക്കള്‍ മന്ട്രത്തില് നിന്നുള്ളവരും പാര്‍ട്ടി തലപ്പത്തുണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. മന്ട്രത്തില് നിന്നല്ലാത്ത രണ്ട് പേരെ പാര്‍ട്ടി തലപ്പത്ത് നേരത്തെ എത്തിച്ചതില്‍ അംഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടായിരുന്നു. മക്കള്‍ മന്‍ട്രത്തിലെ ശക്തരായ പ്രവര്‍ത്തകരെ പാര്‍ട്ടി തലപ്പത്ത് എത്തിക്കുമെന്ന് രജനീകാന്തിന്റെ സഹോദരനായ സത്യനാരായണ റാവു പറഞ്ഞു. തിരുവണ്ണാമലയില്‍ രജനീകാന്തിനായി പ്രത്യേക വഴിപാടുകളും സഹോദരന് നടത്തിയിട്ടുണ്ട്. 10 ശിവാചാര്യന്മാരുടെ മേല്‍നോട്ടത്തില്‍ 2 മണിക്കൂറോളം നീണ്ട പൂജകളാണ് രജനീകാന്തിന് വേണ്ടി നടത്തിയത്.