NEWS

ട്രാക്ടർ കൊണ്ട് താമരക്കുളം ഉഴുതുമറിക്കുന്ന കർഷകർ. 12000 ട്രാക്ടറുകളിൽ ആയി അമ്പതിനായിരം കർഷകർ ഡൽഹിയിലേക്ക്, രാജ്പഥിലേയ്ക്ക് ട്രാക്ടർ കയറുമ്പോൾ

കർഷക സമരം പതിനഞ്ചാം ദിവസം പിന്നിടുമ്പോൾ വലിയൊരു പ്രതിസന്ധിയാണ് കേന്ദ്രസർക്കാരിനെ തുറിച്ചുനോക്കി കൊണ്ടിരിക്കുന്നത്. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഇനി ചർച്ചയ്ക്കില്ലെന്ന് കർഷകർ പ്രഖ്യാപിച്ചുകഴിഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ല എന്ന് കേന്ദ്രസർക്കാരും അസന്നിഗ്ധമായി പറഞ്ഞുകഴിഞ്ഞു. ഇങ്ങനെയെങ്കിൽ കർഷകപ്രക്ഷോഭം ഇനി എന്താകും?

പഞ്ചാബിലെ വിവിധ ജില്ലകളിൽനിന്നായി അമ്പതിനായിരത്തോളം കർഷകരാണ് 12000 ട്രാക്ടറുകളിൽ കയറി ഡൽഹിയിലേക്ക് വച്ചു പിടിക്കുന്നത്. ഇവർ മോഗ പിന്നിട്ടുകഴിഞ്ഞു.

ഒന്നും രണ്ടും ദിവസമല്ല ആറുമാസത്തോളം സമര രംഗത്ത് നിൽക്കാൻ കർഷകർക്ക് ഭക്ഷണം കരുതിക്കൊണ്ടാണ് ഇവർ ഡൽഹിയിലേക്ക് പോകുന്നത്. “ഇനി മോദി സർക്കാരിന് ഞങ്ങളെ കൊല്ലുന്നതിനെ കുറിച്ച് തീരുമാനമെടുക്കാം. മറ്റെന്തു തീരുമാനമെടുത്താലും ഞങ്ങൾ തിരികെ പോകില്ല”-ഈ പ്രഖ്യാപനമാണ് കർഷക സമരഭൂമിയിൽ എങ്ങും.

പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ ഡൽഹിയിലെ തിരിച്ചിട്ടുണ്ട്. സമരക്കാരെ തടയരുത് എന്ന് കർഷക നേതാക്കൾ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാദ കാർഷികനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിലൂടെ ട്രാക്ടർ പരേഡ് നടത്തുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്. കർഷകരുടെ ഇങ്ങനെയൊരു മുന്നറിയിപ്പ് വരുമ്പോൾ നരേന്ദ്ര മോഡി സർക്കാർ രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് ഉണ്ടായ അനുഭവം ഓർക്കുന്നത് നന്നായിരിക്കും.

1988 ഒക്ടോബർ 25ന് രാജീവ് ഗാന്ധി സർക്കാരിനെ വിറപ്പിച്ച് രണ്ടുലക്ഷത്തോളം കർഷകർ ഡൽഹിയിൽ മാർച്ച് നടത്തി. ഇന്ത്യ ഗേറ്റ് മുതൽ റെയ്സിന കുന്ന് വരെ കർഷകരുടെ ട്രാക്ടർ റാലി നീണ്ടു. മുപ്പതിന ആവശ്യങ്ങളാണ് രാജീവ് ഗാന്ധി സർക്കാരിന് മുന്നിൽ ഈ കർഷകർ വച്ചത്. ഇതിൽ ഭൂരിഭാഗവും നേടിയാണ് കർഷകസമരം അവസാനിച്ചത്.

ആ സമരത്തെ നയിച്ചത് മഹേന്ദ്രസിംഗ് തികായത് എന്ന കർഷകരുടെ വലിയ നേതാവാണ്. കർഷകരുടെ രണ്ടാം മിശിഹാ എന്നാണ് മഹേന്ദ്രസിംഗ് തികായത് അറിയപ്പെടുന്നത്. 2011 ൽ തികായത്ത് മരിച്ചു. തികായത്തിന്റെ മക്കളായ നരേന്ദ്ര സിംഗ് തികായത്തും രാജേഷ് തികായത്തും ഭാരതീയ കിസാൻ യൂണിയനെ ഇന്നും നയിക്കുന്നു. ഈ സംഘടനയാണ് ഇന്ന് കേന്ദ്രസർക്കാരിന് രാജ്പഥിലൂടെ ട്രാക്ടർ ഓടിക്കും എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

971 കോടി രൂപ ചെലവഴിച്ചാണ് രണ്ടുവർഷത്തിനുള്ളിൽ പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭൂമിപൂജ പ്രധാനമന്ത്രി ആവേശത്തോടെ നിർവഹിച്ചു. കർഷകർ തണുപ്പിൽ തെരുവിൽ പോരാടുകയും മരിക്കുകയും ചെയ്യുമ്പോഴാണ് 971 കോടിയുടെ ജനാധിപത്യത്തിന് ശ്രീകോവിൽ കെട്ടിപ്പൊക്കുന്നത്.

ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് ഈ വേദിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആവോളം സംസാരിച്ചു. വ്യത്യസ്തമായ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും ഊർജ്ജസ്വലമായ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്രമോദി പറഞ്ഞു. എന്നാൽ പുതിയ കാർഷിക ബില്ലുകൾ നിയമമാക്കുമ്പോൾ മോഡിക്ക് ഈ വക ചിന്തകൾ ഒന്നും ഉണ്ടായിരുന്നില്ല. ബില്ലുകൾ വോട്ടിന് ഇടണമെന്ന് ആവശ്യപ്പെട്ട എംപിമാരെ ആണ് സ്പീക്കർ സസ്പെൻഡ് ചെയ്തത്. കൃഷി എന്നത് സംസ്ഥാന അധികാരപരിധിയിൽ ആയിട്ടും ഒരു സംസ്ഥാനത്തോടു പോലും കേന്ദ്രം കൂടി ആലോചിച്ചില്ല.

തനിക്ക് തെറ്റു പറ്റില്ലെന്ന് ഒരു ഭരണാധികാരിയും ചിന്തിക്കാൻ പാടില്ല. എന്തുകൊണ്ടാണ് കർഷകർ തെരുവിൽ സമരം ചെയ്യുന്നത്? അവർക്ക് ഗുണകരമായ നിയമങ്ങളോട് അവർ പുറംതിരിഞ്ഞു നിൽക്കുമൊ? ഇന്ത്യയിൽ ജനാധിപത്യം കുറച്ച് കൂടുതലാണെന്ന് കഴിഞ്ഞദിവസം നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കണം.

എന്തായാലും ഈ കർഷക സമരത്തിന്റെ ചൂട് മോദിയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.രാജ്യദ്രോഹികളെന്നും ഖാലിസ്ഥാൻ വാദികൾ എന്നും വിളിച്ചതെന്നും വിലപ്പോയില്ല.സങ്കുചിത രാഷ്ട്രീയക്കാരല്ല അവരെ നയിക്കുന്നത് എന്നത് തന്നെയാണ് ഈ സമരത്തിന്റെ ശക്തി. എന്നാൽ രാഷ്ട്രീയക്കാർ അവരോടൊത്ത് ഉണ്ട് താനും. നരേന്ദ്രമോഡി പ്രധാനമന്ത്രി ആയതിനുശേഷം നേരിടുന്ന ഏറ്റവും ശക്തമായ പ്രക്ഷോഭം ഒരുപക്ഷേ ഇത് തന്നെയായിരിക്കും, പ്രതിസന്ധിയും.

Back to top button
error: