കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടിങ് പുരോഗമിക്കുന്നത്. അതിനാല്‍ വോട്ട് ചെയ്യാനെത്തുവരുടെ ശരീര താപനില അളക്കാനും സാനിറ്റൈസര്‍ നല്‍കാനും റോബോട്ടിനെ ഒരുക്കിയിരിക്കുകയാണ്. എവിടെയാണെന്നല്ലെ എറണാകുളം തൃക്കാക്കരയിലെ കമ്യൂണിറ്റി ഹാളിലാണ് കൗതുകമുണര്‍ത്തി റോബോട്ട്.
ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ടാണ് റോബോര്‍ട്ട് പരിശോധന പൂര്‍ത്തിയാക്കുന്നത്. വോട്ട് ചെയ്യാന്‍ എത്തുന്നവരോട് റോബോട്ട് ആദ്യം തന്റെ ഇടത് കൈകയിലേക്ക് ശ്രദ്ധിക്കുക എന്ന് പറയും. പിന്നാലെ റോബോട്ട് കൈ ഉയര്‍ത്തി കൈയില്‍ ഘടിപ്പിച്ചിട്ടുള്ള തെര്‍മല്‍ സ്‌കാനറിലൂടെ വോട്ട് ചെയ്യാനെത്തിയ ആളുടെ ശരീര താപനില പരിശോധിക്കും. പിന്നീട് റോബോട്ടിന്റെ വലത് കൈയില്‍ നിന്നും സാനിറ്റൈസര്‍ വോട്ടര്‍ക്ക് നല്‍കും. അതിന് ശേഷം നിങ്ങളുടെ സ്‌ക്രീനിംഗ് കഴിഞ്ഞിരിക്കുന്നു. വോട്ട് ചെയ്യാനായി നിങ്ങള്‍ക്ക് റൂമിലേക്ക് പ്രവേശിക്കാവുന്നതാണ്- റോബോട്ട് പറയും. മാസ്‌ക് കൃത്യമായി ധരിച്ചിട്ടില്ലെങ്കിലോ ഒന്നില്‍ കൂടുതല്‍ ആളുകള്‍ അടുത്ത് നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കേണ്ടതിന്റെ നിര്‍ദ്ദേശം നല്‍കും. താപനില കൂടുതലാണെങ്കില്‍ പോളിംഗ് ഓഫീസറുമായി ആയി ബന്ധപ്പെട്ട് പ്രത്യേകം വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തേടാന്‍ ആവശ്യപ്പെടും.
ഒപ്പം കോവിഡ് കാലത്ത് വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് അത്ഭുതം കൂടി ആവുകയാണ് സാനിറ്റൈസര്‍ നല്‍കുന്ന റോബോട്ട്. കളമശേരി സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സ് ആണ് സായാ ബോട്ടിന്റെ നിര്‍മാണത്തിന് പിന്നില്‍.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് വേണ്ടിയാണ് റോബോട്ട് പോളിംഗ് സ്റ്റേഷന് പുറത്ത് വെച്ചതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് തൃക്കാക്കര കമ്മ്യൂണിറ്റി ഹാള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചു. ജില്ലയില്‍ ഇതുവരെ കനത്ത പോളിംഗ് ആണ് നടക്കുന്നത്.