NEWS

നിയമസഭാ സ്പീക്കർ കളങ്കിതൻ, കേരളത്തിന് അപമാനം: കെ.സുരേന്ദ്രന്‍

കാസര്‍കോട്: നിയമസഭാ സ്പീക്കര്‍ കളങ്കിതനാവുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും ഏറ്റവും പവിത്രമായ പദവിയെ ദുരുപയോഗം ചെയ്ത് കള്ളക്കടത്തുകാര്‍ക്ക് ഒത്താശചെയ്യുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപിച്ചു.

കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കര്‍ അടിയന്തിരമായി രാജിവെക്കണമെന്നും ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീ. സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡി അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന് വേണ്ടിയാണ് അസുഖമുണ്ടെന്ന് പറഞ്ഞ് തുടർച്ചയായി ആസ്പത്രിവാസം ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന് എന്ത് അസുഖമാണെന്ന് മുഖ്യമന്ത്രി പറയണം. സി.എം രവീന്ദ്രന്‍ എന്ന് പറഞ്ഞാല്‍ സി.എമ്മിന്റെ രവീന്ദ്രനാണെന്നും ബി.ജെ.പി ആരോപിച്ചു. അദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിവാകും.

Signature-ad

മുസ്ലിംലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് ലീഗിന്റെ അടിമയായാണ് കഴിയുന്നത്. ലീഗും വര്‍ഗീയ ശക്തികളുമാണ് യു.ഡി.എഫിനെ ഭരിക്കുന്നത്. കോണ്‍ഗ്രസിന്റെ ആത്മാഭിമാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നെറ്റിയിലെ കുറി മാഞ്ഞതുപോലെയാണ് കോണ്‍ഗ്രസും മാഞ്ഞുകൊണ്ടിരിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെയാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ ഒരു വിഹിതം ലീഗ് നേതാക്കളിലേക്കാണ് എത്തിയത്: സുരേന്ദ്രന്‍ ആരോപിച്ചു.

ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ഒപ്പം ഉണ്ടായിരുന്നു. മീറ്റ് ദ പ്രസില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.

Back to top button
error: