ബാബ കാ ദാബയുടെ പേരില്‍ തട്ടിപ്പോ? പരാതിയുമായി വൃദ്ധദമ്പതികള്‍
ന്യൂഡല്‍ഹി: കോവിഡ് തങ്ങളുടെ ജീവിതം തകര്‍ത്തുവെന്ന് പൊട്ടിക്കരഞ്ഞ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട വൃദ്ധദമ്പതികളെ ആരും തന്നെ മറന്നുകാണില്ല. ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബ കാ ദാബ എന്ന പേരില്‍ ഭക്ഷണശാല നടത്തിയിരുന്നവര്‍. ഇപ്പോഴിതാ തങ്ങളുടെ ദുരിത ജീവിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യൂട്യൂബര്‍ ഗൗരവ് വാസനെതിരെ രംഗത്ത് വന്നിരിക്കുകയാണ് 80 കാരനായ കാന്താപ്രസാദും ഭാര്യയും.
തങ്ങള്‍ക്ക് സംഭാവനയെന്ന പേരില്‍ ഗൗരവ് വാസന്‍ ഓണ്‍ലൈനിലൂടെ ഫണ്ട് സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കാന്തപ്രസാദിന്റെ പരാതി. തങ്ങളുടെ വീഡിയോ പങ്കുവെച്ച് കൊണ്ട് ഗൗരവ് വാസന്‍ സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളും നല്‍കി സംഭാവന സ്വീകരിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
സാമ്പത്തിക ഇടപാടുകളുടെ ഒരു വിവരവും ഗൗരവ് വാസവന്‍ തനിക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരവ് വാസനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുകയാണെന്നും മാളവ്യ നഗര്‍ പോലീസ് അറിയിച്ചു.
കാന്താപ്രസാദിന്റെ വീഡിയോ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കടയില്‍ വന്നുതുടങ്ങിയ ആളുകളുടെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.