NEWSTRENDING

വിവാദങ്ങളില്‍ പെട്ടുഴഞ്ഞ് ബി.കെ 36

ബിനീഷ് കൊടിയേരി വിവാദങ്ങളില്‍പ്പെടുന്നത് പുതുമയല്ല. പക്ഷേ ഇത്തവണ കച്ചമുറുമുക്കിയാണ് മറുകണ്ടം. നീണ്ട 36 വര്‍ഷത്തെ ജീവിതത്തിലുടെ നീളം ബിനീഷിനൊപ്പം വിവാദങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായിരുന്നു. ആ ചെറുപ്പക്കാരന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പ് കുറച്ച് പ്രയാസം എന്ന് തന്നെ പറയേണ്ടി വരും. ഡസന്‍ കണക്കിന് കേസുകളാണ് ബിനീഷിന്റെ പേരിലുള്ളത്. മികച്ച വിദ്യാഭ്യാസം നേടി വിദേശത്തെ ഒരു പ്രമുഖ കമ്പിനിയുടെ വൈസ് പ്രസിഡന്റ് ആയി ജോലി ചെയ്തിരുന്ന ബിനിഷിന്റെ പ്രവര്‍ത്തന മണ്ഡലം പക്ഷേ കേരളമായിരുന്നു. സിനിമ, രാഷ്ട്രീയം, ബിസിനസ്, ക്രിക്കറ്റ് അങ്ങനെ നീണ്ടു പോകുന്നു ഈ ചെറുപ്പക്കാരന്റെ താല്‍പര്യങ്ങള്‍.

ബിനീഷിന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് മുന്‍പും പല തവണ ആരോപണം ഉയര്‍ന്നിരുന്നു. കൊടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്തേക്ക് ചുവട് മാറിയതോടയാണ് എട്ടാം ക്ലാസ്സുകാരനായ ബിനീഷും കുടുംബവും തിരുവനന്തപുരത്ത് എത്തുന്നത്. അച്ചന്റെ പാത പിന്തുടര്‍ന്ന് രാഷ്ടീയത്തിലും, സമരങ്ങളിലും, പാര്‍ട്ടി കോണ്‍ഗ്രസ്സുകളിലും സജീവ സാന്നിധ്യമായിരുന്നു ബിനീഷ്. രാഷ്ടീയം തലയിലുള്ളപ്പോഴും മനസില്‍ ക്രിക്കറ്റും ഒരേ പോലെ ആരാധിച്ചിരുന്നു. തലശേരിയിലെ ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബും, ബികെ 55 ക്രിക്കറ്റ് ക്ലബ്ബും, ജില്ല ക്രിക്കറ്റ് അസോസിയേഷനുമൊക്കെ ഇതിനിടയില്‍ ബിനീഷിന്റെ ജീവിതത്തിലൂടെ കയറി ഇറങ്ങിപ്പോയി.

2005 മുതലാണ് ബിനീഷ് കൊടിയേരി എന്ന രാഷ്ടീയക്കാരന്‍ സിനിമാക്കാരന്റെ കുപ്പായം അണിഞ്ഞു തുടങ്ങിയത്. ഫൈവ് ഫിംഗേഴ്‌സ് ആയിരുന്നു ബിനീഷ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് മമ്മുട്ടി നായകനായ ബല്‍റാം വേഴ്‌സസ് താരാദാസ്, ലയണ്‍, കുരുക്ഷേത്ര, തുടങ്ങിയ സിനിമകളിലും ബിനീഷ് അഭിനയിച്ചു.

തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ ഒരു കാലത്ത് വാര്‍ത്തയിലെ താരമായിരുന്നു ഈ ചെറുപ്പക്കാരന്‍. എ.കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് എസ്.എഫ്.ഐ നടത്തിയ വിദ്യാര്‍ത്ഥി സമരങ്ങളുടെ അമരക്കാരനായിരുന്നു ബിനീഷ്. 2001 ലെ വിദ്യാര്‍ത്ഥി സമരത്തില്‍ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞതും, 2003 ല്‍ നന്ദവനം എ.ആര്‍ ക്യാമ്പില്‍ നിന്നും പോലീസുകാരെ ആക്രമിച്ച് വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചതും അന്നത്തെ സംഭവങ്ങളിലെ ചിലതു മാത്രമാണ്.

കേസുകളില്‍ സ്ഥിരമായി കോടതിയില്‍ ഹാജരാകാതിരുന്നതോടെ കോടതി പോലും ആഭ്യന്തര മന്ത്രിയുടെ മകന് ഒരു നിയമവും മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമവും ആണോ എന്ന് ചോദിക്കുന്ന സാഹചര്യം വരെ എത്തിയിരുന്നു. ബിനീഷിന്റെ പേരില്‍ 18 കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും പാസ്‌പോര്‍ട്ട് ലഭിച്ചതും, യഥേഷ്ഠം വിദേശ യാത്രകള്‍ നടത്തിയതും നാട്ടിലെ നിയമവ്യവസ്ഥിതിയുടെ മൂക്കിന്‍ തുമ്പിലൂടെയായിരുന്നു

മൂന്നാറില്‍ വ്യാജരേഖയുണ്ടാക്കി സ്ഥലക്കച്ചവടം നടത്തിയ കേസും, ടോട്ടല്‍ ഫോര്‍ യു നിക്ഷേപ തട്ടിപ്പു കേസിലും, പോള്‍ ജോര്‍ജ് വധക്കേസിലെ പ്രതിയായ ഓം പ്രകാശുമായുള്ള പരിചയത്തിന്റെ പേരിലും ബിനീഷ് വിവാദത്തിന്റെ പടു കുഴിയില്‍ പെട്ടിരുന്നു.

ഇ.ഡി യുടെ നിര്‍ദേശപ്രകാരം ബിനീഷിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ആകെ രണ്ട് സമ്പാദ്യം മാത്രമാണ് ഉള്ളതെന്ന വിവരമാണ് ലഭിച്ചത്. തിരുവനന്തപുരത്തെ വീടും, കൊടിയേരിയിലെ തറവാട്ട് വിഹിതവും മാത്രമാണ് സ്വന്തമായിട്ടുള്ളത്. ജീവിതത്തില്‍ ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് ബിനിഷെന്ന ആരോപണവും കേള്‍ക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button