NEWS

നാണംപോയ് മാനം പോയ് ബാക്കി വല്ലതുമുണ്ടോ?

പ്രശസ്ത പത്രപ്രവർത്തകനും നോവലിസ്റ്റും തിരക്കഥാകൃത്തും ദീർഘകാലം കേരള ശബ്ദം വാരികയുടെ പത്രാധിപരുമായിരുന്ന പ്രഭാകരൻ പുത്തൂർ എഴുതുന്നു:

കേരളാ രാഷ്ട്രീയത്തില്‍ സമുന്നത മാതൃകകള്‍ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഒരുപിടി നേതാക്കന്മാരുണ്ടായിരുന്നു. ഇ.എം.എസ്, എ.കെ.ജി, സി.അച്യുതമേനോന്‍, ഇ.കെ. നായനാര്‍, ആര്‍. സുഗതന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയ വലിയൊരു നിര. ആദര്‍ശംകൊണ്ട് രാഷ്ട്രീയ ജീവിതം സമുജ്ജലമാക്കിയവരായിരുന്നു അവര്‍.
സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയോ സമ്പത്തിനുവേണ്ടിയോ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയോ ജീവിതത്തില്‍ ഒരിക്കലും ഇവര്‍ തങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരുന്ന രാഷ്ട്രീയപ്രസ്ഥാനത്തെ കളങ്കപ്പെടുത്തിയിരുന്നില്ല. കുടുംബസ്വത്ത് മുഴുവന്‍ പ്രസ്ഥാനത്തിന് നല്‍കിയ ആളാണ് ഇ.എം.എസ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അദ്ദേഹം ഒരിക്കലും പാര്‍ട്ടിയെ ഉപയോഗിച്ചിട്ടില്ല. എ.കെ.ജിയും സി. അച്യുതമേനോനും ആര്‍ സുഗതനുമൊന്നും ഇതില്‍നിന്ന് വിഭിന്നരായിരുന്നില്ല. ജീവിതാന്ത്യത്തിലും ഒരു ലുങ്കിയും ബനിയനും മാത്രമായിരുന്നു സുഗതന്‍ സഖാവിന്‍റെ സമ്പാദ്യം.

ലാളിത്യവും ത്യാഗവും തൊഴിലാളി സ്നേഹവും ജീവിതശൈലിയാക്കിയിരുന്ന ഈ നേതാക്കന്മാരെല്ലാം ഋഷിതുല്യജീവിതമാണ് സ്വീകരിച്ചിരുന്നത്. ഇവരെയെല്ലാം ഗുരുക്കന്മാരെപ്പോലെ കണ്ട അവരുടെ ജീവിതശൈലി സ്വീകരിച്ച വ്യക്തിയായിരുന്നു ചടയന്‍ ഗോവിന്ദന്‍. കണ്ണൂര്‍ ഡി.സി സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ പദവികളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച അദ്ദേഹം അധികാരം ഉപയോഗിച്ച് ഒരിക്കലും തന്‍റെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ തൊഴിലുണ്ടാക്കാനോ സമ്പത്ത് സ്വരുക്കൂട്ടാനോ ശ്രമിച്ചട്ടില്ല. മക്കളും പിതാവിന്‍റെ ആദര്‍ശത്തെ ബഹുമാനിച്ചിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം ഏറെ കുറഞ്ഞിരിക്കുന്നു. ആദര്‍ശരാഷ്ട്രീയം തോട്ടിലെറിഞ്ഞ് പ്രായോഗിക രാഷട്രീയത്തിനു പിന്നാലേ ഓടുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. പ്രായോഗിക രാഷ്ട്രീയം എന്നു വച്ചാല്‍ അധികാരരാഷ്ട്രീയമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. അതിലാകട്ടെ വിജയം വരിക്കണമെങ്കില്‍ ആദര്‍ശം മാത്രം പോരാ. മറ്റ് നിരവധി സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍കൂടി അംഗീകരിക്കപ്പെടണം. ജാതി, മതം, വ്യക്തിപരമായ സ്വാധീനങ്ങള്‍, പണം തുടങ്ങിയവയ്ക്കൊക്കെ അധികാര രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമാണുള്ളത്. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ഘടകങ്ങള്‍ മാത്രം ആദര്‍ശമായി കൊണ്ടുനടക്കുന്ന പാര്‍ട്ടികളുമുണ്ട്. യാതൊരു ആദര്‍ശവുമില്ലാത്ത ഇത്തരം പാര്‍ട്ടികള്‍ക്ക് വലിയ പാര്‍ട്ടികളെക്കാള്‍ സ്വാധീനം ഏറിയിരിക്കുന്നു. അധികാരം നിലനിര്‍ത്താന്‍ ഈ ‘പൂഞ്ഞാന്‍’ പാര്‍ട്ടികള്‍ അനിവാര്യമാണെന്ന സ്ഥിതിയിലാണ് ഇന്ന് കേരളാ രാഷ്ട്രീയം എത്തിനില്‍ക്കുന്നത്. അവസരവാദവും, സ്ഥാപിത താല്‍പ്പര്യവും മാത്രമാണ് ഇത്തരം പാര്‍ട്ടികളുടെ അജണ്ട. ഈ സാഹചര്യത്തിലാണ് തെറ്റയില്‍മാരും ശശീന്ദ്രന്മാരും സരിതമാരും ബിനീഷ് കൊടിയേരിമാരും ശിവശങ്കരന്മാരും സ്വപ്നമാരും രാഷ്ട്രീയക്കളരിയിലെ അവിശുദ്ധ കരുക്കളായി മാറുന്നത്.
‘നാണം പോയ്.. മാനം പോയ്… ബാക്കി വല്ലതുമുണ്ടോ’ എന്ന് എന്‍.വി. കൃഷ്ണവാര്യര്‍ തന്‍റെ പ്രശസ്തമായ കവിതയില്‍ ഉന്നയിച്ച ചോദ്യത്തിന് പ്രസക്തി ഏറുന്നു. നമ്മുടെ രാഷ്ട്രീയ സംസ്ക്കാരത്തിന് ഏറ്റ വല്ലാത്തൊരു മുറിവാണിത്.
ലോകത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയ കേരള ജനത രാഷ്ട്രീയ സദാചാരത്തിന്‍റെ നാറ്റക്കഥകളില്‍ അഭിരമിക്കുകയാണിപ്പോള്‍.
ഒരുവശത്ത് സ്ത്രീകളും പിഞ്ചുകുട്ടികളും കാട്ടാളവര്‍ഗ്ഗത്തിന്‍റെ കാമവെറികള്‍ക്ക് വിധേയരാകുന്നു. മറ്റൊരുവശത്ത് സ്ത്രീത്വത്തെ അവിശുദ്ധ രാഷ്ട്രീയ ചൂതാട്ടത്തില്‍ കരുക്കളാക്കി മാറ്റുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ ഒളിയമ്പെയ്ത് മത്സരിക്കുന്നു, പോലീസ് നിസ്സംഗതയോടെ നോക്കുകുത്തികളായി മാറുന്നു, അഴിമതിക്കെതിരേ പോരാടിയ ധീരന്മാര്‍ മുട്ടുമടക്കിയിരിക്കുന്നു. വില വര്‍ദ്ധനവുകൊണ്ട് ജനം പൊറുതിമുട്ടുന്നു. ഒരു സമൂഹത്തിന്‍റെ രാഷ്ട്രീയ അവബോധമാണിവിടെ പരസ്യമായി അവഹേളിക്കപ്പെടുന്നത്.
ചര്‍ച്ച ചെയ്യപ്പെടാനും പരിഹരിക്കപ്പെടാനും പ്രശ്നങ്ങളുടെ കൂമ്പാരംതന്നെ നമ്മുടെ മുന്നിലുണ്ടെന്ന് ഓര്‍ക്കണം.
കഴിഞ്ഞ 50 കൊല്ലക്കാലമായി കെ.എസ്.ആര്‍.ടി.സി നിരങ്ങി നീങ്ങുകയാണ്. വീണ്ടും ഒരു ഇരുട്ടടിക്ക് വൈദ്യതിബോര്‍ഡ് തയ്യാറെടുക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗം കള്ളക്കച്ചവടക്കാര്‍ കുത്തഴിഞ്ഞ പുസ്തകംപോലെയാക്കിയിരിക്കുന്നു.
ഇത്തരം ഒരു സാഹചര്യത്തിലാണ് ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച തൊഴിലാളിവര്‍ഗ്ഗം ആവേശംകൊള്ളുന്ന, അഴിമതി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന, മഹത്തായ ഒരു പ്രസ്ഥാനത്തിന്‍റെ തലപ്പത്തിരിക്കുന്നവരുടെ ബന്ധുക്കളും അനുയായികളും അവിശുദ്ധ ബന്ധങ്ങളുടെ പേരില്‍ ജയിലഴികളിലടയ്ക്കപ്പെടുന്നത് നാം കാണുന്നത്.
എത്ര ദയനീയമാണീ അവസ്ഥ. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്നു പറയാതിരിക്കാന്‍ വയ്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button