രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്ന പ്രധാന സംഭവങ്ങളിലൊന്ന് ബിഹാറിലെ ഇലക്ഷനാണ്. ജനങ്ങള്‍ ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന് വളരെയധികം പ്രസക്തിയേറി സമയത്തിലൂടെയാണ് ബിഹാര്‍ കടന്നു പോവുന്നത്. ഇനിയുള്ള പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയും ബിഹാറിലേക്ക് എത്തിയതോടെ തിരരഞ്ഞെടുപ്പിന് ചൂടു പിടിച്ചു.
പഞ്ചാബിലെ കര്‍ഷകര്‍ ഇത്തവണത്തേ ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം കത്തിക്കേണ്ടതിന് പകരം പ്രധാനമന്ത്രിയുടെ കോലം കത്തിച്ചത് കേന്ദ്ര ഭരണത്തിന്റെ കഴിവില്ലായ്മയെ ചൂണ്ടിക്കാണിക്കുന്നുവെന്ന് രാഹുല്‍ പശ്ചിമ ചമ്പാരനില്‍ മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ തുറന്നടിച്ചിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ ശക്തമായ ഭാഷയില്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോളും രാജ്യം നേരിട്ട ദുരിതങ്ങളെ നമ്മള്‍ വിസ്മരിച്ചു കൂടാ, പ്രതിവര്‍ഷം 2 കോടി തൊഴില്‍ നല്‍കുമെന്നു പറഞ്ഞ നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറന്നു പോയെന്ന് രാഹുല്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയെപ്പോലെ കള്ളം പറയാന്‍ അറിയാത്തതാണ് കോണ്‍ഗ്രസ്സിന്റെ ദൗര്‍ബല്യം. രാജ്യം നന്നായിട്ട് ഭരിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും കോണ്‍ഗ്രസ്സിന് അറിയാം. രാഹുല്‍ പറഞ്ഞു.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിനെ ജംഗിള്‍ രാജിലെ യുവരാജാവ് എന്ന് വിളിച്ചായിരുന്ന നരേന്ദ്ര മോദിയുടെ ആക്രമണം. കോവിഡ് കാലത്ത് ആര്‍ജെഡി അധികാരത്തിലെത്തുന്നത് ബിഹാറിന് വലിയ ദുരന്തമാകുമെന്ന് മോദി തുറന്നടിച്ചു. ആര്‍ജെഡി യുടെ ഭരണം കൊണ്ട് കുറേ ക്രിമിനലുകള്‍ക്കും ഒരു കുടുംബത്തിനും മാത്രമാണ് ഗുണമുണ്ടായിട്ടുള്ളതെന്ന് മോദി മുസഫര്‍പുരിലെയും പാട്‌നയിലെയും തിരഞ്ഞെടുപ്പ് റാലകളില്‍ പറഞ്ഞു.