എം.ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു കൊണ്ട് കോടതി ഉത്തരവ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് ചോദ്യം ചെയ്യലിനായി ഇഡി കസ്റ്റഡിയില്‍ വിട്ടു കൊടുത്തു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറച്ച് മുന്‍പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും 7 ദിവസത്തേക്ക് മാത്രമാണ് കോടതി അനുവാദം നല്‍കിയത്.
ആരോഗ്യ പ്രശ്‌നങ്ങളുള്ള ശിവശങ്കറിനെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളു എന്ന നിര്‍ദേശം കൂടി ഇഡിയ്ക്ക് മുന്‍പില്‍ കോടതി വെച്ചിട്ടുണ്ട്. ശിവശങ്കറിന് കലശലായ നടുവേദന ഉണ്ടെന്നും വൈദ്യ സഹായം ആവശ്യമാണെന്നും അഭിഭാഷകന്‍ ആവശ്യമുന്നയിച്ചിരുന്നു.