കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വഴിത്തിരുവകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വപ്‌ന സുരേഷിനെ കള്ളപ്പണം വെളുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്‍ സഹായിച്ചു എന്ന വാദം സത്യമാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നലെ ശിവശങ്കരനെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകള്‍ക്ക് മുന്‍പ് ശിവശങ്കരനെ ഇഡി കസ്റ്റഡിയിലേക്ക് വിട്ടു നല്‍കുന്നു എന്ന കോടതി ഉത്തരവും പുറത്ത് വന്നിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസും കേസില്‍ പ്രതിയണെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി സ്വയം അപഹാസ്യനാവാതെ എല്ലാം തുറന്ന് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേസില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെപ്പറ്റി കൃത്യമായ തുടര്‍നടപടികളുണ്ടാവാത്ത പക്ഷം കേരളപ്പിറവി ദിനത്തില്‍ നില്‍പ്പ് സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളമൊട്ടാകെ സമരശൃംഖല തീര്‍ക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അടുപ്പക്കാരെല്ലാം കേസില്‍ പ്രതിയാണ്. വിദേശത്ത് നിന്നും വന്ന പണത്തിന് വലിയ അളവില്‍ കമ്മീഷന്‍ മന്ത്രിയുടെ കൈയ്യാളുകള്‍ വാങ്ങിയിട്ടുണ്ട്. അതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാ മുഖ്യമന്ത്രിക്ക് വേവലാതിയാണ്. നയതന്ത്ര ബാഗേജ് വിട്ടു കിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞിരുന്നുവെന്ന് ബിജെപി പറഞ്ഞത് ഇപ്പോള്‍ സത്യമായിരിക്കുന്നു-കെ.സുരേന്ദ്രന്‍