NEWS

കുറുവച്ചന്‍ ഇനി പൃഥ്വിരാജിന് സ്വന്തം

ലയാള സിനിമ രംഗത്ത് വിവാദങ്ങള്‍ പുത്തരിയല്ല. പേരിനെ ചൊല്ലിയും കഥാപാത്രത്തെ ചൊല്ലിയും കഥയെ ചൊല്ലിയും മുമ്പ് പല തവണ വിവാദങ്ങളുണ്ടായിട്ടുളളതാണ്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വിവാദം കടുവക്കുന്നോല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ ബന്ധപ്പെട്ടാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രവും സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് നേര്‍ക്കുനേര്‍ പോരടിക്കുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ ചൊല്ലിയാണ് ഇരുകൂട്ടരും കോടതിയില്‍ നിയമയുദ്ധം നടത്തുന്നത്. ഇപ്പോഴിതാ ആ നിയമയുദ്ധത്തിന് പരിസമാപ്തി കുറിച്ചിരിക്കുകയാണ്.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ
സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി അറിയിച്ചു.

Signature-ad

പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി കഥാപാത്രത്തിനും അദ്ദേഹത്തിന്റെ ഇരുനൂറ്റി അന്‍പതാം ചിത്രത്തിനുമെതിരെ കേസ് കൊടുത്തത്. കേസ് പരിഗണിച്ച ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

തുടര്‍ന്ന് വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി നീണ്ടു നിന്ന കേസിനാണ് ഒടുവില്‍ വിരാമമായത്. ഇരുകൂട്ടരുടെയും വാദത്തിനു ശേഷം ജില്ലാക്കോടതിയുടെ വിധി പരിപൂര്‍ണമായും ശരിയാണെന്നും എസ്.ജി. 250 സിനിമ നിര്‍ത്തിവയ്ക്കണമെന്നും ഹൈക്കോടതിയും വിധി പുറപ്പെടുവിക്കുകയായിരുന്നു.

Back to top button
error: