NEWS

കൊറോണ വൈറസ് ബാങ്ക് നോട്ടുകള്‍, ഫോണ്‍ തുടങ്ങിയ വസ്തുക്കളില്‍ 28 ദിവസം വരെ നിലനില്‍ക്കും

ലോകമെമ്പാടും കോവിഡിനെതിരായ വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണങ്ങളിലുമാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ ഓരോ ദിവസവും കോവിഡിനെതിരെ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ ഓസ്ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കൊറോണ വൈറസിന് ബാങ്ക് നോട്ടുകള്‍, ഫോണ്‍ തുടങ്ങിയ വസ്തുക്കളില്‍ 28 ദിവസം വരെ നിലനില്‍ക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുന്നു.

കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ എത്രനേരം നിലനില്‍ക്കാന്‍ സാധിക്കും എന്നറിയുന്നതിന് വേണ്ടി ഇരുട്ടില്‍ മൂന്നുതാപനിലകളിലാണ് ഈ ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന നിരക്ക് കുറഞ്ഞുവരുന്നതായും ഗവേഷകര്‍ പറയുന്നു.

Signature-ad

മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയുടെ ഉപരിതലത്തില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് 28 ദിവസം വരെ നിലനില്‍ക്കും. 30 ഡിഗ്രി സെല്‍ഷ്യസിലെത്തിയാല്‍ വൈറസിന്റെ അതിജീവനം ഏഴുദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ അത് 24 മണിക്കൂര്‍ ആയും ചുരുങ്ങും. കോട്ടണ്‍ പോലുളള വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് അനുകൂല താപനിലയില്‍ 14 ദിവസം വരെ നിലനില്‍ക്കുമ്പോള്‍ ചൂടുകൂടുന്നതിന് അനുസരിച്ച് ഇത് 16 മണിക്കൂറിലേക്ക് കുറയുകയും ചെയ്യും. മുന്‍ പഠനങ്ങളില്‍ വൈറസിന് ഇത്രയും ദീര്‍ഘകാലത്തേക്ക് അതിജീവിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. അതിനാല്‍ ഈ പഠനം വളരെ നിര്‍ണായകമാകുന്നു.

ഇത്തരത്തില്‍ നിലനില്‍ക്കുന്ന വൈറസ് അണുബാധയുണ്ടാകുന്നതിന് കാരണമാകുമെന്ന് പറയാനാവില്ലെന്ന് ഓസ്ട്രേലിയല്‍ സെന്റര്‍ ഫോര്‍ ഡീസിസസ് പ്രിപ്പയേഡ്നെസ്സ് ഡയറക്ടര്‍ ട്രെവര്‍ ഡ്ര്യൂ പറഞ്ഞു. എന്നാല്‍ ഈ വസ്തുക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും അവയെ സ്പര്‍ശിച്ച ശേഷം കണ്ണുകളിലോ, മൂക്കിലോ, വായിലോ അതേ കൈകള്‍ കൊണ്ട് സ്പര്‍ശിക്കുകയും ചെയ്താല്‍ വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് പ്രാഥമികമായി വായുവിലൂടെയാണ് പകരുന്നതെന്നും ഉപരിതലത്തിലൂടെ പകരുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

Back to top button
error: