അബദ്ധത്തില്‍ സംഭവിച്ചു, പെണ്‍കുട്ടിയെ നേരത്തെ പരിചയമില്ല; ആംബുലന്‍സ് ഡ്രൈവറുടെ മൊഴി പുറത്ത്

പന്തളം: കോവിഡ് ബാധിച്ച പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതിയെ നാളെ വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കായംകുളം കീരിക്കാട് പനയ്ക്കച്ചിറയില്‍ വീട്ടില്‍ നൗഫലിനെയാണ് നാളെ വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ പത്തനംതിട്ട ജില്ലാ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിയെ ഹാജരാക്കിയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കരുതിക്കൂട്ടിയല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നും പ്രതി അന്വേഷണ സംഘത്തിനു മൊഴി നല്‍കി. മറ്റാര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പെണ്‍കുട്ടിയെ നേരത്തേ പരിചയമില്ലെന്നും മൊഴി നല്‍കി. അടൂര്‍ ഡിവൈഎസ്പി ആര്‍.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് ആവശ്യമെങ്കില്‍ വീണ്ടും തെളിവെടുപ്പു നടത്തും. കസ്റ്റഡിയിലെടുക്കുന്നതിനു മുന്നോടിയായി ഇയാളെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.

കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെയായിരുന്നു പീഡനം. രണ്ടു യുവതികളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കി. പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി നൗഫലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *