NEWS

കരമന കൂടത്തില്‍ ദുരൂഹമരണം; അന്വേഷണത്തില്‍ വീണ്ടും വഴിത്തിരിവ്

തിരുവനന്തപുരം: കരമന കൂടത്തില്‍ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തില്‍ വീണ്ടും വഴിത്തിരിവ്. മരിച്ച ജയമാധവന്‍ നായര്‍ സ്വത്ത് കൈമാറ്റത്തിന് അനുമതി നല്‍കിയെന്ന കാര്യസ്ഥന്റെ മൊഴി വ്യാജമെന്ന് തെളിഞ്ഞു. അതിനാല്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ പ്രതിയാക്കുന്ന കാര്യം പരിഗണനയിലാണ്.

തലയ്‌ക്കേറ്റ ക്ഷതമാണ് ജയമാധവന്റെ മരണത്തിനിടയാക്കിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാര്യസ്ഥനെ കസ്റ്റഡിയിലെടുത്തത്. സ്വത്ത് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി കൂടിയായ രവീന്ദ്രന്‍ നായരുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് നേരത്തെ മരവിപ്പിച്ചിരുന്നു. ജില്ലാ സഹകരണബാങ്കില്‍ രവീന്ദ്രന്‍ നായര്‍ക്കും ഭാര്യക്കുമുണ്ടായിരുന്ന അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളിലുമായി 50 ലക്ഷം രൂപയാണുള്ളത്. ഇതില്‍ 20 ലക്ഷം രൂപ മരിച്ച ജയമാധവന്‍ നായരുടേതാണെന്നാണ് നിഗമനം. മാത്രമല്ല ജയമാധവന്റെ സ്വത്ത് വിറ്റ പണവും ഇതിലുണ്ടെന്ന് സംശയിക്കുന്നു.

അതേസമയം, നേരത്തേയും കാര്യസ്ഥന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടായിരുന്നു. ജയമാധവനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത് മുന്‍ കാര്യസ്ഥന്‍ സഹദേവന്‍ അയച്ച ഓട്ടോറിക്ഷയിലെന്നായിരുന്നു ആദ്യ മൊഴി. ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഈ മൊഴി. എന്നാല്‍ ഉമാമന്ദിരത്തില്‍ നിന്നും പുറത്തിറങ്ങി താന്‍ ഓട്ടോ പിടിച്ചെന്നായിരുന്നു രണ്ടാമത്തെ മൊഴി. സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ തരത്തില്‍ മൊഴി നല്‍കിയത്.അതേസമയം ജയമാധവന്റെ മരണ വിവരം പോലും തന്നെ അറിയിച്ചിരുന്നില്ലെന്ന് സഹദേവനും പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

പുരതനമായ കുടുംബം. ഏക്കറ് കണക്കിന് സ്വത്തുള്ള പ്രമുഖമായ കുടുംബം. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കരമനയിലെ കൂടത്തില്‍ എന്നറിയപ്പെട്ട ഉമാമംഗലം തറവാട്ടിലെ അഞ്ചു പേരാണ് മരിച്ചത്. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. സ്വത്തുക്കള്‍ക്ക് അന്തര അവകാശികള്‍ ഇല്ല എന്ന കാര്യം ഒറ്റ നോട്ടത്തില്‍ തന്നെ പൊലീസിന് മനസിലായി. അതുകൊണ്ട് തന്നെ വില്‍പത്രത്തില്‍ പേരുള്ള രവീന്ദ്രന്‍ നായരെന്ന കോടതി ഗുമസ്തന്‍ നിരീക്ഷണത്തിലാകുകയായിരുന്നു.

മരിച്ച ഗോപിനാഥന്‍ നായര്‍ക്ക് 6 ഏക്കറും 17 സെന്റ് ഭൂമിയുമാണ് ഉള്ളത്. ഇത് തിരുവനന്തപുരം നഗരമധ്യത്തിലാണ് വരുന്നത്. ഇവരുടെ മരണത്തിന് ശേഷം ഇവരുടെ സ്വത്തുക്കള്‍ പലരുടെയും പേരുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് സാധ്യതയേറുന്നത്. കൂടാതെ അവസാനം മരിച്ചവരുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടുകളിലും നിരവധി ദൂരൂഹതകള്‍ നിറഞ്ഞിരുന്നു.

Back to top button
error: