TRENDING

വിനയനെതിരെ ഫെഫ്ക സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സംവിധായകന്‍ വിനയനെതിരെ സിനിമ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സുപ്രീംകോടതിയില്‍.

വിലക്ക് നീക്കിയ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണല്‍ എന്നിവയുടെ വിധികള്‍ക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. കൃത്യമായ തെളിവുകള്‍ പരിശോധിക്കാന്‍ തയ്യാറാകാതെയാണ് കോമ്പറ്റീഷന്‍ കമ്മീഷന്റെ ഉത്തരവ്, ട്രെയ്ഡ് യൂണിയന്‍ അവകാശങ്ങള്‍ക്ക് വിരുദ്ധമാണ് ഉത്തരവിലെ ഉള്ളടക്കം തുടങ്ങിയ വാദങ്ങളാണ് ഹര്‍ജിയിലുള്ളത്.

വിലക്കിന് എതിരായ വിനയന്റെ പരാതി പരിഗണിച്ച കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ‘അമ്മ’യ്ക്ക് ക്ക് 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും ചുമത്തിയിരുന്നു. ഈ പിഴ 2020 മാര്‍ച്ചില്‍ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവച്ചിരുന്നു. പിഴ ശിക്ഷയും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ചോദ്യം ചെയ്തിട്ടുണ്ട്.

തെളിവുകള്‍ പരിഗണിക്കാതെയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പടിവിച്ചത് എന്നാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ വാദം. വിനയന്റെ വിലക്ക് നീക്കിയ ഉത്തരവുകള്‍ക്ക് എതിരെ ‘അമ്മ’ ഇത് വരെയും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടില്ല. വിനയന് പിഴ തുക ആയ നാല് ലക്ഷം രൂപ നല്‍കി തുടര്‍ നിയമ നടപടികള്‍ ഒഴിവാക്കാന്‍ ആണ് ‘അമ്മ’ ശ്രമിക്കുന്നത് എന്നാണ് സൂചന.അതേസമയം, ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിയുന്നുവെന്ന് വിനയന്‍ പ്രതികരിച്ചു. തന്റെ പിന്നാലെ ഇങ്ങനെ വരുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. കൊവിഡ് കാലത്ത് ഇത്തരം പ്രതികാരമനോഭാവം അത്ഭുതപ്പെടുത്തുന്നു. ബി ഉണ്ണികൃഷ്ണന്‍ തനിക്കെതിരെ നടപടി എടുക്കാന്‍ അമ്മ സംഘടനയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. താന്‍ ഈ നടപടിയെ തമാശയായി കാണുന്നുവെന്നും വിനയന്‍ പറഞ്ഞു.

നടന്‍ ദിലീപ് തന്റെ ചിത്രത്തില്‍ നിന്ന് സംവിധായകന്‍ തുളസിദാസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടക്കം. തര്‍ക്കം രൂക്ഷമായതോടെ വിനയന്റെ ചിത്രങ്ങളുമായി സഹകരിക്കുന്നതില്‍ നിന്ന് നടീനടന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും സംഘടനകള്‍ നിര്‍ബന്ധിച്ച് പിന്തിരിപ്പിച്ചെന്നായിരുന്നു ആരോപണം. വിനയന്റെ സിനിമകളുമായി സഹകരിച്ചവര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

Back to top button
error: