എ ഡി എം തസ്തികക്ക് പകരം ഐ എ എസ് നിയമനമുള്ള അഡീഷണൽ കളക്ടർ തസ്തിക,എതിർപ്പ് അറിയിച്ച് റവന്യു വകുപ്പ്
സംസ്ഥാനത്ത് 14 ജില്ലകളിൽ നിലവിൽ കളക്ടർക്ക് താഴെയുള്ള തസ്തിക എ ഡി എം അഥവാ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആണ് .ഈ തസ്തികയിൽ വരുന്നവർ എൽ ഡി ക്ലർക്ക് ആയി സർവീസിൽ പ്രവേശിച്ച് പ്രൊമോഷൻ കിട്ടി വരുന്നവരോ നേരിട്ട് ഡെപ്യൂട്ടി കളക്ടർ തസ്തികയിലേക്ക് നിയമിക്കുന്നവരോ ആണ് .
ചീഫ് സെക്രട്ടറി ഒരു മാസം മുമ്പ് മുഖ്യമന്ത്രിക്ക് ഒരു പ്രൊപോസൽ നൽകി .14 ജില്ലാ കലക്ടറേറ്റിലും കളക്ടർക്ക് താഴെ അഡീഷണൽ കളക്ടർ എന്ന തസ്തിക സൃഷ്ടിക്കണം എന്നായിരുന്നു പ്രോപ്രോസൽ .ഈ തസ്തികയിൽ നേരിട്ട് ഐ എ എസ് ഓഫീസർമാരെ നിയമിക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിക്കുന്നു .നിലവിലെ എ ഡി എമ്മിന്റെ അധികാരങ്ങൾ അഡീഷണൽ കളക്ടർക്ക് നൽകണമെന്നും പ്രൊപ്പോസലിൽ പറയുന്നു .
ഇത് തത്വത്തിൽ മുഖ്യമന്ത്രി അംഗീകരിച്ചു എന്നാണ് അറിവ് .ഇതിൽ പ്രതിഷേധം അറിയിച്ച് റവന്യു മന്ത്രി മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് സൂചന .അഡീഷണൽ കളക്ടർ പോസ്റ്റ് കൊണ്ട് വരികയാണെങ്കിൽ അതിൽ ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കരുതെന്നും പകരം അത് പ്രൊമോഷൻ പോസ്റ്റ് ആക്കണമെന്നും റവന്യു മന്ത്രി ആവശ്യപ്പെട്ടു .
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഎഎസുകാരാണ് ഭൂരിഭാഗവും സംസ്ഥാനത്ത് വരുന്നതെന്നും മുൻ പരിചയമില്ലാത്തവർ എ ഡി എമ്മിന്റെ അധികാരങ്ങൾ ഉള്ള തസ്തികയിൽ വന്നാൽ റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും റവന്യു മന്ത്രി അറിയിച്ചുവെന്നാണ് അറിയുന്നത് .
തെലങ്കാന ,ആന്ധ്ര ,കർണാടക,ഛത്തീസ്ഗഡ് മാതൃകയിൽ അഡീഷണൽ കളക്ടർമാരെ നിയമിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ആവശ്യം .എന്നാൽ ഈ നാലു സംസ്ഥാനങ്ങളിലും മുതിർന്ന ഡെപ്യൂട്ടി കളക്ടർമാരെ പ്രൊമോട്ട് ചെയ്താണ് അഡീഷണൽ കളക്ടർ ആക്കുന്നതെന്നാണ് വിവരം .തമിഴ്‌നാട്ടിൽ ജില്ലാ റവന്യു ഓഫീസർ എന്ന തസ്തിക സമാനമായി ഉണ്ട് .അവിടെയും പ്രൊമോഷൻ പോസ്റ്റാണ് .2009 ലെ ശമ്പള കമ്മീഷൻ തമിഴ്നാട് മാതൃകയിൽ ജില്ലാ റവന്യു ഓഫീസർ തസ്തിക കേരളത്തിലും കൊണ്ട് വരാമെന്നു നിർദേശം വച്ചിരുന്നു .എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല .
റവന്യു വകുപ്പിൽ പുതുതായി 14 ഐ എ എസ് പോസ്റ്റ് സൃഷ്ടിക്കുന്നതിൽ ഉദ്യോഗസ്ഥർക്കിടയിലും എതിർപ്പുണ്ട്.ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാൻ ഇത് കാരണമാകുന്നുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം .