അഹമ്മദാബാദ് : നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ഗുജറാത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിച്ച് മറ്റൊരു നേതാവ് കൂടി ബി ജെ പിയില്‍ ചേര്‍ന്നു.
പാട്ടീദാര്‍ നേതാവായ ഹര്‍ഷദ് റിബാദിയ ആണ് ബി ജെ പിയില്‍ ചേര്‍ന്നത്. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബി ജെ പി ജനറല്‍ സെക്രട്ടറി പ്രദിപ് സിന്‍ഹ് വഗേല റിബാദിയയെ സ്വാഗതം ചെയ്തു.
റിബാദിയയ്ക്കൊപ്പം ജുനഗഡ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെഹ്സാന താലൂക്ക് പ്രസിഡന്റ്, കിസാന്‍ മോര്‍ച്ച നേതാക്കള്‍ തുടങ്ങി നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ബി ജെ പിയില്‍ ചേര്‍ന്നു.
കഴിഞ്ഞ ദിവസം റിബാദിയ എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റേയും മോദിയുടേയും കര്‍ഷക അനുകൂല നിലപാടില്‍ ആകൃഷ്ണനായാണ് താന്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്ന് റിബാദിയ പ്രതികരിച്ചു. സൗരാഷ്ട്ര മേഖലയിലുള്ള ജുനഗഡ് ജില്ലയിലെ വിസവദാര്‍ സീറ്റില്‍ നിന്നുള്ള എം എല്‍ എയായിരുന്നു റിബാദിയ.