അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് മാത്രമായി കോഴിക്കോട്ട് സർക്കാരിന്റെ സൂപ്പർ സ്പെഷ്യൽറ്റി ആസ്പത്രി വരുന്നു. കോഴിക്കോട് കുഷ്ഠരോഗാസ്പത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എന്ന പേരിൽ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
നിലവിലുള്ള എല്ലാ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും നടത്താവുന്ന കേന്ദ്രമായി വിഭാവനം ചെയ്യുന്ന പദ്ധതിക്ക് 500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇത്തരമൊരു നിർദേശം സർക്കാരിന് സമർപ്പിച്ച പോണ്ടിച്ചേരി ജിപ്മെറിലെ പ്രൊഫസറായ മലപ്പുറം സ്വദേശി ഡോ. ബിജു പൊറ്റെക്കാട്ടിനെത്തന്നെ പദ്ധതിയുടെ ഏകോപനത്തിനായുള്ള സ്പെഷൽ ഓഫിസറായി നിയമിക്കാനും ധാരണയായി.
അവയവ മാറ്റവുമായി ബന്ധപ്പെട്ടു സ്വകാര്യ ആസ്പത്രികളിലെ വലിയ ചെലവിന് പരിഹാരമായി കൂടി വിഭാവനം ചെയ്യുന്ന ആസ്പത്രിയിൽ മികച്ച സൗകര്യങ്ങളും മികച്ച ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റു ഗവ.മെഡിക്കൽ കോളജുകളിൽ നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകൾക്കും ഈ ആസ്പത്രിയിലെ ഡോക്ടർമാരുടെ മാർഗ നിർദേശം ലഭ്യമാക്കും. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യമന്ത്രി വൈസ് ചെയർമാനുമായ ഭരണസമിതിയും സ്ഥാപനത്തിനുണ്ടാകും. കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന 232 അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ ബഹുഭൂരിപക്ഷവും സ്വകാര്യ ആസ്പത്രികളിലാണ് നടന്നത്.