CrimeNEWS

കോട്ടയത്ത് 24 ന്യൂസ് ചാനല്‍ സംഘത്തിനുനേരേ തോക്ക് ചൂണ്ടി ഭീഷണി; അക്രമി സംഘത്തെ മണിക്കൂറുകള്‍ക്കകം പൊലീസ് പൊക്കി

കോട്ടയം: കോട്ടയം നഗരത്തില്‍ എം സി റോഡില്‍ 24 ചാനല്‍ വാര്‍ത്ത സംഘത്തിന് നേരെ തോക്ക് ചൂണ്ടി അക്രമി സംഘത്തിന്റെ ഭീഷണി. മദ്യലഹരിയില്‍ കാറിലെത്തിയ അക്രമി സംഘം കാറുകള്‍ തമ്മില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ തോക്കുമായി ചാടിയിറങ്ങി ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്ന് പോയ ചാനല്‍ സംഘം വാഹനം അതിവേഗം ഓടിച്ചാണ് രക്ഷപെട്ടത്.

ചാനല്‍ സംഘത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിങ്ങവനം പൊലീസ് പ്രതികളെ തോക്കു സഹിതം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച 1.30 ഓടെ നാട്ടകം സിമന്റ് കവലയില്‍ ഐശ്വര്യ ഹോട്ടലിന് മുന്‍വശത്തായിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചാനല്‍ സംഘത്തിന്റെ കാറിന് നേരെ ഇട റോഡില്‍ നിന്ന് പിന്നോട്ട് എടുത്ത അക്രമി സംഘത്തിന്റെ കാര്‍ എത്തുകയായിരുന്നു. ഈ സമയം ചാനല്‍ സംഘം തങ്ങളുടെ കാര്‍ മുന്നിലേക്ക് എടുക്കുകയും അക്രമി സംഘത്തോട് വാഹനം ശ്രദ്ധിച്ച് ഓടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Signature-ad

ഇതോടെ കാറിനുള്ളില്‍ ഉണ്ടായിരുന്ന വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ തോക്കുമായി ചാടിയിറങ്ങുകയും കാറിന് നേരെ എത്തി തോക്കു ചൂണ്ടി ഭീഷണി മുഴക്കുകയുമായിരുന്നു. അപ്രതീക്ഷിതമായ അക്രമണത്തില്‍ ഭയന്ന് പോയ ചാനല്‍ സംഘം
പെട്ടെന്ന് തന്നെ വാഹനമെടുത്ത് സംഭവ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

തുടര്‍ന്ന് ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ ജിജുവിനെ ചാനല്‍ സംഘം വിവരമറിയിച്ചു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മറിയപ്പള്ളി ക്ഷേത്രം ഭാഗത്ത് വച്ച് തങ്ങള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ കാര്‍ ചാനല്‍ ജീവനക്കാര്‍ കണ്ടെത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് വീട്ടിനുള്ളില്‍ കയറി അക്രമി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ തലയിണക്കടിയില്‍ നിന്നും തോക്കും പൊലീസ് സംഘം കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും , തോക്കിന്റെ വിശദാംശങ്ങള്‍ അടക്കം പരിശോധിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ ജിജു അറിയിച്ചു.

Back to top button
error: