ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാര്‍ രംഗത്ത്. ദളിതനായതിന്റെ പേരില്‍ തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ച് ജലസേചന വകുപ്പ് മന്ത്രി ദിനേഷ് ഖാതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആണ് മന്ത്രി രാജിക്കത്ത് അയച്ചത്. പൊതുമരാമത്ത് മന്ത്രി ജിതിന്‍ പ്രസാദയും യോഗിക്കെതിരേ പരാതിയുമായി നേതൃത്വത്തെ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നൂറ് ദിവസമായി തന്റെ വകുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഇതില്‍ തനിക്ക് വേദനയുണ്ടെന്നും വകുപ്പിലെ സ്ഥലംമാറ്റ നടപടികളില്‍ മുഴുവന്‍ ക്രമക്കേടാണെന്നും കത്തില്‍ ദിനേഷ് ഖാതിക് ആരോപിക്കുന്നു. താന്‍ ഒരു ദളിതനായതിനാലാണ് തനിക്ക് ഒരു പ്രാധാന്യവും നല്‍കാത്തതെന്നും മന്ത്രിയെന്ന നിലയില്‍ ഒരു പ്രവര്‍ത്തനവും കാഴ്ചവയ്ക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കൊന്നും തന്നെ വിളിക്കാറില്ല, ദളിത് സമുദായത്തെ അപമാനിക്കുന്ന നടപടികളാണിതെല്ലാമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ദിനേഷ് ഖാതികിനെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിനുള്ള ശ്രമം തുടരുകയാണ് പാര്‍ട്ടി നേതൃത്വം.
യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തന രീതികളോട് വിയോജിച്ച് പൊതുമരാമത്ത് മന്ത്രിയായ ജിതിന്‍ പ്രസാദയും കേന്ദ്ര നേതൃത്വത്തെ കാണുന്നുണ്ട്. അമിത് ഷാ, ജെ.പി നഡ്ഡ എന്നിവരെ നേരില്‍ കണ്ട് പരാതി പറയാനാണ് ജിതിന്‍ പ്രസാദ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. തന്റെ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ യോഗി സസ്പെന്‍ഡ് ചെയ്തതാണ് പ്രസാദയെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന ജിതിന്‍ പ്രസാദ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ബിജെപിയില്‍ ചേര്‍ന്നത്.