വിമാനടിക്കറ്റ് നിരക്കിന്റെ കൂടെ ‘ക്യൂട്ട് ചാര്‍ജ്’ ! എന്താണ് ക്യൂട്ട് ചാര്‍ജ് ?
ദില്ലി : വിമാനടിക്കറ്റ് നിരക്കിന്റെ കൂടെ ‘ക്യൂട്ട് ചാർജ്’ ഈടാക്കി ഇൻഡിഗോ എയർലൈൻ. ഒരു ഇൻഡിഗോ എയർലൈൻ യാത്രക്കാരൻ ടിക്കറ്റിന്റെ ചിത്രമടക്കം ട്വിറ്ററിൽ പങ്കുവെച്ചതോടെ എന്താണ് ക്യൂട്ട് ചാർജ് എന്നതിനെ കുറിച്ച് സോഷ്യൽ മീഡിയകളിൽ വിവിധ അഭിപ്രായങ്ങൾ നിറയുകയാണ്. യഥാർത്ഥത്തിൽ എന്താണ്ടി ക്യൂട്ട് ചാർജ് എന്നറിയാം.
ടിക്കറ്റിൽ വിമാന നിരക്കിനൊപ്പം വിവിധ സേവന നിരക്കുകൾ കൂടി ചേർത്തിട്ടുണ്ട്. എന്നാൽ ക്യൂട്ട് ചാർജ് എന്നതിനടിയിൽ ചുവന്ന മാർക്ക് ചെയ്താണ് യാത്രക്കാരൻ ട്വിറ്ററിൽ പങ്കുവെച്ചത്. ” പ്രായം കൂടുംതോറും ഞാൻ ക്യൂട്ട് ആകുന്നുണ്ട് എന്ന എനിക്കറിയാം. പക്ഷേ ഇൻഡിഗോ എന്നോട് പണം ഈടാക്കാൻ തുടങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല” എന്നാണ് ശന്തനു എന്ന യാത്രക്കാരൻ കുറിച്ചത്. 100 രൂപയാണ് ‘ക്യൂട്ട്’ ഫീസായി ഈടാക്കിയത്.
I know I’m getting cuter with age but never thought @IndiGo6E would start charging me for it. pic.twitter.com/L7p9I3VfKX
— Shantanu (@shantanub) July 10, 2022
ടിക്കറ്റിൽ രേഖപ്പെടുത്തിയ എയർഫെയർ ചാർജുകൾ, സീറ്റ് ഫീസ്, കൺവീനിയൻസ് ഫീസ്, എയർപോർട്ട് സെക്യൂരിറ്റി ഫീസ്, യൂസർ ഡെവലപ്‌മെന്റ് ഫീസ് എന്നിവയെക്കുറിച്ച് ശന്തനുവിന് അറിയാമായിരുന്നു. എന്നിരുന്നാലും, ‘ക്യൂട്ട്’ ഫീസിനെ കുറിച്ച് അദ്ദേഹത്തിന് അറിവില്ലായിരുന്നു.
“ക്യൂട്ട് ചാർജുകൾ” എന്നാൽ ‘കോമൺ യൂസർ ടെർമിനൽ എക്യുപ്‌മെന്റ്’ ചാർജാണ്. അതായത് എയർപോർട്ടുകളിൽ യാത്രക്കാർ ഉപയോഗിക്കുന്ന മെറ്റൽ ഡിറ്റക്റ്റിംഗ് മെഷീനുകൾ, എസ്കലേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗത്തിന് ഈടാക്കുന്ന തുകയാണിത്. ഇതിനെ “പാസഞ്ചർ ഹാൻഡ്‌ലിംഗ് ഫീസ്” എന്നും വിളിക്കുന്നു. സാധാരണയായി എല്ലാ എയർലൈൻസും ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്റെ ചാർജ് ഈടാക്കാറുണ്ട്. എന്നാൽ ക്യൂട്ട് ചാർജ് എന്ന എഴുതിയത് കൊണ്ട് യാത്രക്കാരന് അത് മനസിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം.