നൂറോളം വിദ്യാര്‍ഥികളുടെ ഫ്രീക്ക് ലുക്കില്‍ ‘കത്രികവച്ച്’ സ്കൂള്‍ അധികൃതര്‍; വീട്ടുകാര്‍ക്ക് മുടിവെട്ട് കാശ് ലാഭം!
ചെന്നൈ: തലമുടിയില്‍ പരീക്ഷണം നടത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടിയതോടെ കത്രികപ്പൂട്ടുമായി ചെന്നൈയിലെ സ്കൂള്‍ അധികൃതര്‍. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയിലെ സര്‍ക്കാര്‍ സ്കൂളിലെ നൂറോളം ഫ്രീക്കന്മാരാണ് അധ്യാപകരുടെ കത്രികപ്പൂട്ടില്പ്പെട്ടത്.
മുടി അല്‍പ്പം നീട്ടിയും പല ആകൃതിയില്‍ വെട്ടിയും കളര്‍ വാരിപ്പൂശിയും ഫ്രീക്ക് ലുക്കില്‍ സ്കൂളിലെത്തിയ വിദ്യാര്‍ഥികളുടെ മുടി അധികൃതര്‍ ബാര്‍ബര്‍മാരെ സ്കൂളിലേക്ക് വിളിച്ചുവരുത്തി വെട്ടിക്കളയുകയായിരുന്നു. കൗമാരക്കാര്‍ക്കിടയിലെ ഇത്തരം ട്രെന്റൊന്നും ഇവിടെ വേണ്ടെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
3000 ഓളം കുട്ടികളുള്ള സ്കൂളില്‍ ചിലരുടെ മുടിയിലെ പരീക്ഷണം കണ്ടെത്തിയതോടെയാണ് അധികൃതരുടെ ഇടപെടല്‍. പ്രധാനാധ്യാപകനായ അയ്യപ്പന് ഓരോ ക്ലാസുകളിലുമെത്തി മുടി നീട്ടി വളര്‍ത്തിയവരെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഈ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് വിവരം പറഞ്ഞു. പിന്നാലെ ബാര്‍ബറെ വരുത്തി മുടിവെട്ടും നടത്തി. ആശിച്ചുവളര്ത്തിയ മുടിയില്‍ കത്രിക വീണ നിരാശയിലാണ് വിദ്യാര്‍ഥികളെങ്കിലും പലതവണ പറഞ്ഞിട്ടും നടക്കാത്തകാര്യം കാശ് ചെലവില്ലാതെ നടന്ന സന്തോഷത്തിലാണ് രക്ഷിതാക്കള്‍.