നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു ജോർജിയയിൽനിന്നു ദുബായിൽ മടങ്ങിയെത്തി. നേരത്തെ കേസിൽ പ്രതിയായതോടെ ദുബായിലേക്ക് കടന്ന വിജയ് ബാബു ഇവിടെനിന്നും ജോർജിയയിലേക്ക് പോകുകയായിരുന്നു.
ഇതിനിടെ വിജയ് ബാബുവിനെ കേരളത്തിലെത്തിക്കാൻ ഊർജ്ജിത ശ്രമം നടത്തുകയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. പ്രത്യേക യാത്രാരേഖ നൽകി കേരളത്തിലെത്തിക്കാനാണ് ശ്രമം. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയതിനാലാണ് പ്രത്യേക യാത്രാരേഖ നൽകുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തിനകം കൊച്ചിയിലെത്തിക്കാനാണ് നീക്കം.
അതേസമയം നടിയെ പീഡിപ്പിച്ച കേസിൽ കോടതി പറയുന്ന ദിവസം ഹാജരാകാൻ തയാറാണെന്ന് ഇന്ന് വിജയ് ബാബു വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാവാൻ തയാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബു സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്.
കേസ് ആദ്യം കോടതിയുടെ പരിധിയിൽ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മറുപടി. വിജയ് ബാബുവിനോട് കേരളത്തിൽ തിരികെയെത്താനുള്ള ടിക്കറ്റ് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്താൽ ഉടനെ തന്നെ കേസ് പരിഗണിക്കാമെന്നും കോടതി ഉറപ്പ് നൽകി.
അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയിൽ സമർപ്പിക്കുമ്പോൾ പരിഗണിക്കാമെന്ന് നിലപാടെടുത്ത കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.