സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷന്‍ ജാഗറി’ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി വ്യാജ മറയൂര്‍ ശര്‍ക്കര കണ്ടെത്താന്‍ ഇന്നും കഴഞ്ഞ രണ്ട് ദിവസങ്ങളിലായും 387 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 88 സര്‍വയലന്‍സ് സാമ്പിളും 13 സ്റ്റാറ്റിയുട്ടറി സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നിര്‍മാണശാലകള്‍ മുതല്‍ ചെറുകിട കച്ചവടക്കാരുടെ സ്ഥാപനങ്ങള്‍ വരെ പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.
ഇടുക്കി ജില്ലയിലെ മറയൂര്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കരിമ്പ് കൃഷിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ശര്‍ക്കരയാണ് ‘മറയൂര്‍ ശര്‍ക്കര’ എന്നറിയപ്പെടുന്നത്. കുറഞ്ഞ സോഡിയം അളവും കൂടിയ ഇരുമ്പിന്റെ അംശവും അടങ്ങുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭ്യമായിരുന്നു. എന്നാല്‍ ഗുണമേന്മ കുറഞ്ഞതും നിറം കുറഞ്ഞതുമായ ശര്‍ക്കര കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് മറയൂര്‍ ശര്‍ക്കര എന്ന വ്യാജേന സംസ്ഥാനത്ത് വിറ്റഴിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്താന്‍ തീരുമാനിച്ചത്.