KeralaNEWS

മലയാളികളുടെ ഫുട്‌ബോള്‍ ആവേശം ആകാശത്തോളമുയര്‍ത്തിയ കേരള പോലീസ്

റ്റെല്ലാ കാര്യങ്ങളിലും എന്നപോലെ കായികത്തിലും കേരളം ഇന്ത്യയില്‍ എന്നും വിത്യസ്തമായി നിലകൊണ്ട ഒരു സംസ്ഥാനമാണ്. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേര്‍ന്നപ്പോള്‍ കേരള സംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്‌ബോളിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചവരാണ്. കാല്പന്തുകളി മലയാളികളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ലഹരി തന്നെയാണെന്ന് നിസ്സംശയം പറയാം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാല്‍ കാല്‍പന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല.സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ മാത്രമാകും വേറിട്ട് നില്‍ക്കുന്ന ഒരേയൊരു ഘടകം.കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളും കപ്പ പറിച്ച കാലായും വരെ ഇതില്‍ ഉള്‍പ്പെടും.

Signature-ad

ഫുട്‌ബോള്‍ തീര്‍ച്ചയായും പാശ്ചാത്യനാടിന്റെ സംഭാവനയാണ്.അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഫുട്‌ബോള്‍ ഇന്ത്യയിലേക്കെത്തുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രമായിരുന്ന കല്‍ക്കത്തയിലായിരുന്നു ഇന്ത്യന്‍ ഫുട്ബാളിന്റെ തുടക്കം.1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്‌ബോള്‍ ക്ലബ് ആരംഭിക്കുന്നത്. കൊച്ചി പോലീസ് സുപ്പീരിയന്റെന്‍ഡ് ആയിരുന്ന ആര്‍ ബി ഫെര്‍ഗൂസണ്ണിന്റെ നാമധേയത്തില്‍, തൃശ്ശൂരിനടുത്ത് ഒല്ലൂരില്‍ വിശുദ്ധ അന്തോണീസ് പള്ളിയുടെ അടുത്തായിട്ടാണ് ക്ലബ് സ്ഥാപിച്ചത്. ആ ക്ലബ് പിന്നീട് യങ് മെന്‍സ് ഫുട്‌ബോള്‍ ക്ലബ് എന്ന് പേര് മാറ്റുകയും ചെയ്തു. 1947-സ്ഥാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ഫുട്‌ബോള്‍ ക്ലബ്ബായ അറോറ ഫുട്‌ബോള്‍ ക്ലബ്ബും തൃശ്ശൂരില്‍ നിന്ന് തന്നെയാണ്. പിന്നെയുമുണ്ട്… പ്രീമിയര്‍ ടയര്‍ ഫുട്‌ബോള്‍ ക്ലബ് കളമശ്ശേരി, അലിന്ദ് ഫുട്‌ബോള്‍ ക്ലബ് കുണ്ടറ, കെഎസ്ആര്‍ടിസി ഫുട്‌ബോള്‍ ക്ലബ്, എജി ഓഫീസ് ഫുട്‌ബോള്‍ ക്ലബ്, യംഗ് ചലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്, ടൈറ്റാനിയം ഫുട്‌ബോള്‍ ക്ലബ്, കേരള പോലീസ് ഫുട്‌ബോള്‍ ക്ലബ്, കണ്ണൂര്‍ കെല്‍ട്രോണ്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കെഎസ്ഇബി തുടങ്ങി നൂറുകണക്കിന് ക്ലബ്ബുകള്‍ പ്രതിഭാധനരായ ഫുട്‌ബോള്‍ കളിക്കാരെ സൃഷ്ടിക്കുകയും രാജ്യത്തിന്റെ തന്നെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണ്. ഇന്ത്യയിലെ ആദ്യ പ്രൊഫെഷണല്‍ ഫുട്‌ബോള്‍ ക്ലബ് ആയ എഫ്സി കൊച്ചിന്‍, പ്രശസ്ത ഫുട്‌ബോള്‍ ക്ലബ് വിവ കേരള,ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ്… തുടങ്ങിയവ അവരുടെ പിന്‍തുടര്‍ച്ചക്കാര്‍ മാത്രം!

തൃശ്ശൂര്‍ ആന്റണി, പപ്പു, ലീബന്‍, ഡിക്രൂസ്, ഒളിമ്പ്യന്‍മാരായ ടിഎ റഹ്മാന്‍, ഒ.ബാലകൃഷ്ണന്‍, ഇന്ദ്രബാലന്‍, മലപ്പുറം അസീസ്, രാമകൃഷ്ണന്‍ തുടങ്ങിയ അനേകം കഴിവുറ്റ താരങ്ങളെ ഈ ക്ലബ്ബുകള്‍ മലയാളമണ്ണിന് നല്‍കി അതുവഴി പ്രതിഭാധനരായ ഫുട്‌ബോള്‍ കളിക്കാരെ സൃഷ്ടിക്കുകയും രാജ്യത്തിനു തന്നെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 1997 ല്‍ എഫ്സി കൊച്ചി മോഹന്‍ ബഗാനെ തോല്‍പ്പിച്ച് ഡ്യുറാന്‍ഡ് കപ്പ് നേടിയ ആദ്യത്തെ കേരള ടീമായി. 1973 സന്തോഷ് ട്രോഫി വിജയികളായ കേരളാ ടീം ക്യാപ്റ്റന്‍ മണി തുടങ്ങിയ കഴിവുള്ള കളിക്കാരുടെ പിറവിയും വളര്‍ച്ചയും പിന്നീട് കേരളം കണ്ടു.ജാഫര്‍, വില്യംസ്, ദേവനന്ദ്, നജിമുദ്ദീന്‍, സി സി ജേക്കബ്, എം എം ജേക്കബ്, വിക്ടര്‍ മഞ്ഞില, സേതുമാധവന്‍, സേവ്യര്‍ പയസ്, നജീബ്, സത്യന്‍, ഷറഫലി, പാപ്പച്ചന്‍, ഐ എം വിജയന്‍, ജോ പോള്‍ അഞ്ചേരി, രാജീവ് കുമാര്‍, മാത്യു വര്‍ഗീസ്,അസീം, സുരേഷ് കുമാര്‍, ശിവദാസന്‍, സന്തോഷ്, നെല്‍സണ്‍,മുഹമ്മദ് റാഫി, അജയന്‍, പ്രദീപ്, സക്കീര്‍ മുണ്ടംപാറ, സികെ വിനീത്, അനസ് എടത്തോടിക്ക, പ്രശാന്ത് കരുത്തടത്തുകുനി, സഹല്‍ അബ്ദുള്‍ സമദ്, രഹനേഷ് ടിപി, കെപി രാഹുല്‍, ഹൃഷിനാഥ്, എംഎസ് ജിതിന്‍, ജിഷ്ണു ബാലകൃഷ്ണന്‍, സുജിത് ശശികുമാര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അനേകം കഴിവുറ്റ കളിക്കാരെയും കേരളം ഇന്ത്യന്‍ ഫുട്‌ബോളിന് സംഭാവന നല്‍കി.

ഇതില്‍ മലയാളികളുടെ കാല്‍പ്പന്തു ഭ്രാന്ത് ആകാശത്തോളമുയര്‍ത്തിയ ഒരു ടീമായിരുന്നു കേരള പോലീസ്.1990 ലും 1991 ലും ഫെഡറേഷന്‍ കപ്പ് കേരളത്തിലേക്ക് കൊണ്ടുവന്ന അതേ കേരള പോലീസ്.91,92 ലും സന്തോഷ് ട്രോഫി കേരളം നേടുന്നതും ഇതേ കളിക്കാരുടെ പിന്‍ബലത്തിലായിരുന്നു.തുടര്‍ച്ചയായി രണ്ടു തവണ സന്തോഷ് ട്രോഫിയില്‍ ജേതാക്കളായ കേരളം.93 ല്‍ ഫൈനലില്‍ എത്തുകയും ചെയ്തു.ഇതുള്‍പ്പടെ തുടര്‍ച്ചയായി ഒന്‍പത് വര്‍ഷം കേരളം ഫൈനലില്‍ കളിച്ചു.കേരളപൊലീസ്, ടൈറ്റാനിയം, കണ്ണൂര്‍ കെല്‍ട്രോണ്‍ ടീമുകളുടെ പ്രതാപകാലമായിരുന്നു അത്. ഇതില്‍ ഏറ്റവും എടുത്ത് പറയേണ്ടത് കേരള പോലീസിന്റെ ഫുട്‌ബോള്‍ ടീമിന്റെ കാര്യം തന്നെയാണ്.കേരള പൊലീസ് എന്നു കേള്‍ക്കുമ്പോള്‍ കാക്കിക്കും ലാത്തിക്കും പകരം മനസ്സിലേക്ക് ഒരു ഫുട്‌ബോള്‍ ഉരുണ്ട് വരാറില്ലേ.അതിനു കാരണക്കാര്‍ ഇവരാണ് കുരികേശ് മാത്യു, വി.പി.സത്യന്‍, കെ.ടി.ചാക്കോ, സി.വി.പാപ്പച്ചന്‍, യു. ഷറഫലി, ഐ.എം.വിജയന്‍, അലക്‌സ് ഏബ്രഹാം, .പി.തോബിയാസ്, ഹബീബ് റഹ്മാന്‍, സി.എ.ലിസ്റ്റന്‍, എം.പി.കലാധരന്‍, എ.സക്കീര്‍, പി.എ.സന്തോഷ്, ജാബിര്‍… എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്.

തങ്കമണി കേസൊക്കെ രൂക്ഷമായി നില്‍ക്കുന്ന സമയമായിരുന്നു അത്.അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കു പൊലീസെന്നു കേട്ടാല്‍ അത് ദേഷ്യത്തിന്റെയും വെറുപ്പിന്റെയും പര്യായമായിരുന്നു.അപ്പോഴായിരുന്നൂ കേരള പൊലീസിന്റെ ഫുട്‌ബോള്‍ രംഗത്തേക്കുള്ള പ്രവേശനം.പോലീസിന്റെ ഫെഡറേഷന്‍ കപ്പ് വിജയത്തോടെയാണ് ജനങ്ങള്‍ക്ക് പോലീസിനോടുള്ള സമീപനത്തില്‍ ഒരു മാറ്റമുണ്ടായത്. ഡിജിപി: എം.കെ. ജോസഫ് , ഐജി: ഗോപിനാഥന്‍, ഡിഐജി: മധുസൂദനന്‍ , പിന്നെ പൊലീസ് ടീമിന്റെ എല്ലാമായ അബ്ദുല്‍ കരീം …ഇവര്‍ മുന്‍കൈയെടുത്തായിരുന്നു 1984ല്‍ കേരള പോലീസ് ഫുട്‌ബോള്‍ ടീമിന്റെ രൂപീകരണം. കരീം ഓരോ കളിക്കാരനെയും വീടുകളില്‍ ചെന്ന് തേടിപ്പിടിച്ച് ടീം ഉണ്ടാക്കുകയായിരുന്നു.അതേപോലെ കോച്ച് ചാത്തുണ്ണി,ശ്രീധരന്‍.. തുടങ്ങിയവരുടെ പങ്കും ഇവിടെ വിസ്മരിക്കാനാവില്ല.

ആദ്യ ഫെഡറേഷന്‍ കപ്പ് വിജയത്തെപ്പറ്റി ഷറഫലി തന്നെ പറയുന്നത് കേള്‍ക്കൂ: ‘വിജയഗോള്‍ ഞാനൊരിക്കലും മറക്കില്ല. നമ്മുടെ പോസ്റ്റില്‍നിന്നു ചാക്കോ എനിക്കു പന്തു നല്‍കി.ഞാനും തോബിയാസും അത് സാല്‍ഗോക്കര്‍ ബോക്‌സിന് അടുത്തെത്തിച്ചു.പന്ത് ഞാന്‍ വിജയനു നല്‍കി. വിജയന്‍ തിരിച്ചു നല്‍കിയ പന്ത് ഒരു ചിപ്പിങ് ക്രോസിലൂടെ, ഓടിയെത്തിയ പാപ്പച്ചനു ഞാന്‍ നല്‍കി.പാപ്പച്ചന്റെ കിടിലന്‍ ഹെഡര്‍! വീണു കിടന്ന ഞാന്‍ …തലയുയര്‍ത്തിയപ്പോഴതാ ഗാലറി ഇളകി മറിയുന്നു……! 1990 ഏപ്രില്‍ 29നു തൃശൂരില്‍ സാല്‍ഗോക്കര്‍ ഗോവയെ 21നു കീഴടക്കിയാണു പൊലീസിന്റെ ആദ്യ ഫെഡറേഷന്‍ കപ്പ് വിജയം.കേരള ഫുട്‌ബോളിനു രാജ്യത്തു തന്നെ മേല്‍വിലാസം നല്‍കിയത് പോലീസിന്റെ ആ വിജയമായിരുന്നു. ചിറകുവച്ച ചാക്കോ,പറപ്പൂരുകാരന്‍ പാപ്പച്ചന്‍ നീണാള്‍ വാഴട്ടെ…ഇതൊക്കെയായിരുന്നു അന്നത്തെ കാലത്തെ പത്രങ്ങളുടെ മാസ്സ് ഹെഡ്ഡിംഗ്.മലയാളിയെ ഇന്നുകാണുന്ന കാല്‍പന്ത് കളിയുടെ ആരവങ്ങളിലേക്കെത്തിച്ചതില്‍ കേരള പോലീസിനോളം പങ്ക് മറ്റൊരു ടീമിനുമില്ല എന്നതാണ് വാസ്തവം.ഇതില്‍ സത്യനും ലിസ്റ്റനും സി.ജാബിറും മരിച്ചുപോയവരുടെ കൂട്ടത്തിലുള്ളവരാണെങ്കില്‍ മറ്റുള്ളവരൊക്കെ ജീവിച്ചിരിക്കെ തന്നെ വിസ്മൃതിയിലായവരുടെ കൂട്ടത്തിലുള്ളതുമാണ്.

 

Back to top button
error: